സിന്ധ്യ രാജിവെച്ചിട്ടും അവകാശവാദം വെടിയാതെ കമല്‍നാഥ്; മറ്റൊരു മഹാരാഷ്ട്രയോ?

kamalnath1

22 എംഎല്‍എമാരാണ് മുഖ്യമന്ത്രി കമല്‍നാഥിന്റെ നിയമസഭയില്‍ നിന്നും രാജിവെച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിക്കത്തുകള്‍ സ്പീക്കര്‍ എന്‍പി പ്രജാപതിയുടെ വീട്ടിലെത്തിച്ചത് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയും, ബിജെപി നേതാവ് നരോത്തം മിശ്രയും ചേര്‍ന്നാണ്. രാജിക്കത്തുകള്‍ സ്വീകരിക്കുന്ന കാര്യം വിധാന്‍ സഭയുടെ നിയമങ്ങള്‍ അനുസരിച്ച് തീരുമാനിക്കുമെന്നാണ് സ്പീക്കറുടെ പ്രതികരണം. അതേസമയം ഹോളി അവധിക്ക് പോയി ഗവര്‍ണര്‍ രാജ്ഭവനില്‍ തിരിച്ചെത്തിയാല്‍ മാത്രമാണ് ആവശ്യമായ തീരുമാനങ്ങള്‍ സ്വീകരിക്കുക.

സിന്ധ്യയുടെ രാജി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തന്നെ തിരിച്ചടി സമ്മാനിച്ചു. തങ്ങളുടെ നേതാവിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറയുമ്പോള്‍ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയായിരുന്നു. അമിത് ഷായും ഈ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. ഇതിന് പിന്നാലെയാണ് സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത രാജിക്കത്ത് സിന്ധ്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സിന്ധ്യയെ പുറത്താക്കുന്നുവെന്ന് മാത്രമാണ് കോണ്‍ഗ്രസിന് പ്രതികരിക്കാന്‍ ബാക്കി ഉണ്ടായിരുന്നത്. ഇതോടെ സിന്ധ്യ ബിജെപിയില്‍ ചേരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്, അന്തിമപ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനിടെ കമല്‍നാഥിന്റെ വസതിയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. 88 കോണ്‍ഗ്രസ് എംഎല്‍എമാരും, നാല് സ്വതന്ത്രരുമാണ് യോഗത്തിലുണ്ടായിരുന്നത്.

സിന്ധ്യ ക്യാംപിലുള്ള 22 എംഎല്‍എമാരെ ബിജെപിയും, രാജിവെച്ച നേതാവും ചേര്‍ന്ന് കബളിപ്പിച്ചാണ് രാജിവെപ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു. ഇതിന് പിന്നാലെ സര്‍ക്കാരിന് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്ന് കമല്‍നാഥ് അവകാശപ്പെട്ടു. പക്ഷെ ഇതേസമയം മറുഭാഗത്ത് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്റെ വസതയിലും യോഗം ചേര്‍ന്നു. കമല്‍നാഥ് മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയായായിരുന്ന രാജിവെച്ച ബിസാഹുലാല്‍ സിംഗിനെ ബിജെപിയിലേക്ക് ചൗഹാന്‍ സ്വാഗതം ചെയ്തു.

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്ത ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടെന്നാണ് സൂചന. സിന്ധ്യയും, കമല്‍നാഥും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയം കൂടിയായിരുന്നു രാജ്യസഭാ സീറ്റ്.

Top