movist encounter; kaanam statement

kanam

തിരുവനന്തപുരം: നിലമ്പരില്‍ പൊലീസ് മാവോയിസ്റ്റുകളെ വധിച്ചത് കേന്ദ്രഫണ്ട് തട്ടാനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തിതീര്‍ക്കാനാനാണ് ശ്രമമെന്നും ഇത്തരത്തില്‍ ലഭിക്കുന്ന കേന്ദ്രഫണ്ട് തട്ടിയെടുക്കുന്നതിനായി കേരളത്തില്‍ ഐപിഎസ് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാനം ആരോപിച്ചു.

ഇത്തരം ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി നിര്‍ദേശമെന്നും അത് പാലിക്കപ്പെടണമെന്നും കാനം വ്യക്തമാക്കി.

ആന്ധ്ര കൃഷ്ണഗിരി സ്വദേശി ചെട്ടിയാമ്പട്ടി അംബേദ്കര്‍ കോളനി സ്വദേശി ദുരൈസ്വാമിയുടെ മകന്‍ കുപ്പു ദേവരാജ് (60), ചെന്നൈ പുത്തൂര്‍ സ്വദേശിനി കാവേരി എന്ന അജിത (46) എന്നിവരാണ് കഴിഞ്ഞദിവസം പൊലീസ് തണ്ടര്‍ബോള്‍ട്ട് ടീമിന്റെ വെടിയേറ്റു മരിച്ചത്.

യന്ത്രത്തോക്കില്‍നിന്നുള്ള വെടിയേറ്റ് ഇരുവരും തത്ക്ഷണം മരിച്ചതായാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് ടീമിന്റെ പ്രാഥമിക കണ്ടെത്തല്‍.

വനത്തില്‍ പൊലീസ് പരിശോധനയ്ക്കിടെ പ്രത്യാക്രമണത്തിലാണു മാവോയിസ്റ്റുകള്‍ വെടിയേറ്റു കൊല്ലപ്പെട്ടതെന്നു മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ വിശദീകരിച്ചെങ്കിലും വ്യാജ ഏറ്റുമുട്ടലാണ് ഇതെന്ന് ആരോപണം ഉയരുന്നുണ്ട്.

Top