ടൊവിനോയുടെ ‘ഫോറന്‍സിക്’; നല്ല റിവ്യുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു: പ്രിയദര്‍ശന്‍

ടൊവിനോ തോമസ് നായകനായി അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ഫോറന്‍സിക്’. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഫോറന്‍സിക് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മലയാളം കണ്ട മികച്ച സംവിധായകരില്‍ ഒരാളായ അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.

‘ഫോറന്‍സിക് എന്ന പുതിയ ചിത്രത്തെക്കുറിച്ച് നല്ല റിവ്യുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ആ സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍.. ‘ എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ജെയ്ക്‌സ് ബിജോയ് സംഗീതം. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Top