കണ്ണട വച്ച് മധ്യവയസ്‌കയായി നിമിഷ; മാലിക്കിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ജോജു

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകനായെത്തുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടയിലാണ് ചിത്രത്തിലെ നിമിഷ സജയന്റെ ലുക്ക് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ജോജു ജോര്‍ജ് ആണ് നിമിഷയുടെ ലുക്ക് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

നിമിഷ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ടതാകും മാലിക്കിലേത് എന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന ക്യാരക്ടര്‍ പോസ്റ്റര്‍. കണ്ണട വച്ച് അന്‍പതില്‍ കൂടുതല്‍ പ്രായം തോന്നിക്കുന്ന വേഷവിധാനമാണ് പോസ്റ്ററില്‍ നിമിഷയുടേത്. ആദ്യമായാണ് പ്രായമേറിയ കഥാപാത്രമായി അഭിനയിക്കുന്നത്.

തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായി ഫഹദ് ചിത്രത്തില്‍ എത്തുന്നു. സുലൈമാന്റെ ഇരുപത് വയസുമുതല്‍ അന്‍പത്തിയഞ്ച് വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Top