കൊറോണ; ഷൂട്ടിങ് നിര്‍ത്തിവെക്കുന്ന കാര്യം സംവിധായകനും നിര്‍മാതാവിനും തീരുമാനിക്കാം

കൊറോണ പടരുന്ന സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംവിധായകനും നിര്‍മാതാവിനും തീരുമാനിക്കാമെന്ന് ഫെഫ്ക. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഈ മാസം 31 വരെ അടക്കാന്‍ സിനിമാസംഘടനകള്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഫെഫ്കയുടെ നടപടി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം വന്നതിനു തൊട്ടു പിന്നാലെയാണ് സിനിമാ മേഖലയില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. ഷൂട്ടിങ്ങ് നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച തീരുമാനം വിവിധ സിനിമകളുടെ നിര്‍മാതാക്കളുടെയും സംവിധായകരുടെയും തീരുമാനത്തിന് വിട്ടുകൊടുക്കാനാണ് ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും തീരുമാനിച്ചിരിക്കുന്നതെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി.

ഷൂട്ടിങ് പൂര്‍ത്തിയാക്കേണ്ട സാഹചര്യമാണെങ്കില്‍ പൂര്‍ത്തിയാക്കാം. എന്നാലും ഏതെങ്കിലും വിധത്തില്‍ ഒരാള്‍ക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവെക്കുകയും തുടര്‍നടപടികളെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Top