ഷെയ്ന്‍ വിഷയം; ആശങ്കയറിയിച്ച് സംവിധായകര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ച് ഫെഫ്ക

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ആശങ്കയിലായിരിക്കുന്നത് സംവിധായകരാണ്. നടന്‍ ഷെയ്ന്‍ നിഗം അഭിനയിക്കേണ്ട ചിത്രങ്ങള്‍ അനന്തമായി നീളുന്നതില്‍ ആശങ്കയറിയിച്ച് സംവിധായകര്‍ ഫെഫ്കയെ സമീപിച്ചു. ഷെയ്ന്‍ ഇനി അഭിനയിക്കേണ്ട മൂന്ന് സിനിമകളുടെ സംവിധായകരായ വേണു, സലാം ബാപ്പു, സാജിദ് യഹിയ എന്നിവരാണ് തങ്ങളുടെ ആശങ്ക വ്യക്തമാക്കി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഫെഫ്ക കത്തയച്ചു.

ഡേറ്റ് ഇനിയും വൈകിയാല്‍ മൂന്ന് പ്രൊജക്ടുകളും കടുത്ത പ്രതിസന്ധിയിലാകുമെന്ന് സംവിധായകര്‍ ഫെഫ്കയെ അറിയിച്ചു. ഷെയ്നിന്റെ ഡേറ്റ് വൈകിയാല്‍ നേരത്തേ കാസ്റ്റ് ചെയ്തിരിക്കുന്ന മറ്റു താരങ്ങളുടെ ഡേറ്റും പ്രശ്നമാകും. പ്രായോഗിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഷെയ്ന്‍ ചിത്രങ്ങളുടെ സംവിധായകര്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ എത്തിയത്.

എന്നാല്‍ നഷ്ടപരിഹാരം നല്‍കാതെ നടനുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ഷെയ്ന്‍ നിഗം മൂലം ‘കുര്‍ബാനി’, ‘വെയില്‍’ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമുണ്ടായെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറയുന്നത്. നിര്‍മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് ഷെയ്ന്‍ പൂര്‍ത്തിയാക്കിയിരുന്നു. നടന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അമ്മയും തള്ളിയിരുന്നു. ഇതോടെയാണ് ഷെയ്ന്‍ അഭിനയിക്കേണ്ട പുതിയ പ്രൊജക്ടുകളും പ്രതിസന്ധിയിലായത്.

Top