ഏഷ്യന്‍ മികവ് നിറഞ്ഞുനിന്ന ഓസ്‌കര്‍ വേദി; പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയില്ല

ലോക സിനിമാ പ്രേമികള്‍ ഒന്നടങ്കം ഉറ്റു നോക്കിയ നിമിഷം. അതായിരുന്നു ഇന്ന് പ്രഖ്യാപിച്ച 92-ാമത് ഓസ്‌കര്‍ പുരസ്‌കാരം. അതിനേക്കാള്‍ ഏറെ ഏഷ്യന്‍ മികവ് നിറഞ്ഞുനിന്ന 92-ാം ഓസ്‌കാര്‍ വേദി എന്നു പറയുന്നതാവും ഉചിതം.

ഓസ്‌കര്‍ വേദിയില്‍ ഒരു ഏഷ്യന്‍ സിനിമയ്ക്ക് ഇത്രയേറെ അംഗീകാരം കിട്ടുന്നത് ഇതാദ്യമാണ്. സംവിധായകനും മികച്ച സിനിമയുമായി ഒരു ഏഷ്യന്‍ ചിത്രം തെരഞ്ഞെടുക്കപ്പെടുന്നതും ഇതാദ്യം.

പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാതെയായിരുന്നു പാരാസൈറ്റും പ്രിയപ്പെട്ട ജോക്കര്‍ വാക്വീന്‍ ഫിനിക്സും ഓസ്‌കര്‍ പുരസ്‌ക്കാര വേദിയില്‍ എത്തിയത്. മികച്ച നടനുള്ള പുരസ്‌ക്കാരം ജോക്കറിലെ പ്രകടനത്തിനാണ് വാക്വീന്‍ ഫിനിക്സ് കരസ്ഥമാക്കിയത്. ജോക്കറിന് കിട്ടിയ ഗോള്‍ഡന്‍ ഗ്ളോബിലെ പുരസ്‌ക്കാരത്തിന് പിന്നാലെയാണ് ഓസ്‌കാറും ഫീനിക്സിനെ തേടി എത്തിയത്. മികച്ച അന്തരാഷ്ട്ര സിനിമ ഉള്‍പ്പെടെ ഏഷ്യന്‍ സിനിമ പാരാസൈറ്റ് പ്രധാന നാല് പുരസ്‌ക്കാരം നേടിയായിരുന്നു ആദരിക്കപ്പെട്ടത്.

ജോക്കറിലെ പ്രകടനത്തിന് ജോവാക്വീന്‍ ഫീനിക്സ് മികച്ച നടനായപ്പോള്‍ ജൂഡിയിലെ പ്രകടനം റെനി സെല്‍വെഗറെ മികച്ച നടിയാക്കി മാറ്റി. മികച്ച സംവിധായകനായി ഓസ്‌കര്‍ വേദിയില്‍ നിറഞ്ഞു നിന്നത് പാരാസൈറ്റ് ഒരുക്കിയ കൊറിയന്‍ സംവിധായകന്‍ ബോംഗ് ജൂ ഹോ ആയിരുന്നു. ഹോളിവുഡ് സംവിധായകരെ ഒന്നടങ്കം പിന്തള്ളി ഒരു ഏഷ്യക്കാരന്‍ മികച്ച സംവിധായകനായി മാറുകയായിരുന്നു.

മികച്ച വിദേശഭാഷാ ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധാനം തുടങ്ങി നാല് പ്രമുഖ പുരസ്‌ക്കാരങ്ങളാണ് ഈ ദക്ഷിണ കൊറിയന്‍ ചിത്രം പാരാസൈറ്റ് ഏറ്റുവാങ്ങിയത്. പാരാസൈറ്റ് ഒരുക്കിയ ബോണ്‍ ജൂ ഹോ, ആംഗ് ജുംഗ് ഹ്വാനും തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി. പാരാസൈറ്റ് പ്രധാന നാല് പുരസ്‌ക്കാരം നേടിയപ്പോള്‍ തൊട്ടു പിന്നിലായി മൂന്ന് പുരസ്‌ക്കാരം നേടി 1917 ഒപ്പംകൂടി. രണ്ടു പുരസ്‌ക്കാരങ്ങള്‍ വീതം നേടി ജോക്കറും ഫോര്‍ഡ് വേഴ്സസ് ഫെരാരിയും മികവ് തെളിയിച്ചു.

‘ടോയ് സ്റ്റോറി 4’ ആണ് മികച്ച അനിമേറ്റഡ് ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ മികവിന് ബ്രാഡ് പിറ്റ് മികച്ച സഹനടനായപ്പോള്‍ ‘മാര്യേജ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡേണ്‍ മികച്ച സഹനടിയുമായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ നേടി.

‘അമേരിക്കന്‍ ഫാക്ടറി’യാണ് മികച്ച ഡോക്യുമെന്ററി. ‘ലിറ്റില്‍ വിമന്‍’ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ജാക്വിലിന്‍ ഡുറന്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി.

1917 എന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ച റോജര്‍ ഡീക്വീന്‍സിന്റെ മികവിന് മികച്ച ഛായാഗ്രാഹകന്‍ എന്ന അംഗീകാരം നേടിയെടുത്തു.

Top