ട്രാന്‍സിന് കത്രിക വച്ചില്ല; യുഎ സര്‍ട്ടിഫിക്കറ്റുമായി ചിത്രം 20ന് പ്രദര്‍ശനത്തിന്

ന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം ട്രാന്‍സാണ് അടുത്തിടെ സെന്‍സര്‍ ബോര്‍ഡില്‍ കുരുങ്ങിയത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ട്രാന്‍സിന് ഒടുവില്‍ ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കട്ടുകളൊന്നും കൂടാതെ തന്നെ സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.

ഫഹദ് ആണ് ഇക്കാര്യം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും എല്ലാവരെയും 20ന് തിയേറ്ററുകളില്‍ കാണാമെന്നുമാണ് ഫഹദ് കുറിച്ചത്.

ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ 17 മിനിറ്റോളം ദൈര്‍ഘ്യം വരുന്ന സീനുകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. അതേസമയം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം ശരിവയ്ക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചത്.

ഒരു മോട്ടിവേഷനല്‍ സ്പീക്കറായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. നസ്രിയയാണ് ഫഹദിന്റെ നായികയായെത്തുന്നത്. ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍, ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. അന്‍വര്‍ റഷീദ് തന്നെ നിര്‍മിച്ച ചിത്രത്തിന് അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Top