‘സുരരൈ പോട്രി’ന് വ്യത്യസ്തമായൊരു ഓഡിയോ ലോഞ്ച്; 100 കുട്ടികള്‍ക്ക് വിമാനത്തില്‍ സൗജന്യ യാത്ര

സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുരരൈ പോട്രു’. ചിത്രത്തിന് വ്യത്യസ്തമായൊരു പ്രൊമോഷന്‍ പരിപാടി സംഘടിപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആകാശത്ത് വച്ചുള്ള ഓഡിയോ റിലീസാണ് ഇന്ന് നടത്താന്‍ പോവുന്നത്. ഇതിനൊപ്പം തന്നെ ഇതുവരെ വിമാനത്തില്‍ കയറാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയിരിക്കുകയാണ് നടന്‍ സൂര്യ.

സ്‌പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ട് സിനിമയുടെ പ്രൊമോഷന്‍ വിമാനത്തില്‍ വെച്ചാണ് നടക്കുക. ഇന്ന് വൈകീട്ട് ബോയിങ് 737-ല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദര്‍ശനം നടത്താനാണ് തീരുമാനം. സിനിമയിലെ പുതിയ ഗാനവും വിമാനത്തില്‍ വച്ച് ലോഞ്ച് ചെയ്യും.

കുട്ടികളായിരിക്കും ലോഞ്ചിലെ അതിഥികള്‍. ഇതിനായാണ് വിമാനത്തില്‍ ഇതുവരെ കയറാത്ത 100 കുട്ടികള്‍ക്ക് സൗജന്യ വിമാനയാത്ര ഒരുക്കുന്നത്.തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു. അതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിക്കുക.

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്ങരയാണ്. ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

2ഡി എന്റര്‍ടൈന്‍മെന്റ്‌സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഫെബ്രുവരി 21 ന് പ്രദര്‍ശനത്തിനെത്തും.

Top