തിരക്കഥ, സംവിധാനം, അഭിനയം എല്ലാം കേരള പൊലീസ്; കൂടത്തായി വെബ് സീരീസാവുന്നു

സംസ്ഥാനത്തെ ഞെട്ടിച്ച കേസുകളിലെ അന്വേഷണ രീതികള്‍ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായി കേരള പൊലീസ് എത്തുന്നു. വെബ് സീരീസിന്റെ തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം എല്ലാം പൊലീസ് തന്നെ നിര്‍വഹിക്കുന്നു.

പൊലീസിന്റെ യു ട്യൂബ് ചാനല്‍ വഴി ഇന്നു മുതല്‍ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിനാണ് ക്രൈം ത്രില്ലര്‍ വെബ് സീരിസ് ഉണ്ടാകുക. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതാണ് ആദ്യ 2 എപ്പിസോഡ്. അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി.സൈമണും സംഘവുമാണ് അഭിനേതാക്കള്‍. മുന്‍ കാലങ്ങളില്‍ പൊലീസ് തെളിയിച്ച കേസുകളുടെ പരമ്പരകളും തുടര്‍ന്നുണ്ടാകും.

തിരുവനന്തപുരത്തെ കേരള പൊലീസ് മീഡിയ സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് ഇതു തയാറാക്കുന്നത്. രാജ്യത്ത് ആദ്യമായാണു പൊലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്. ലഹരി, ഗതാഗത നിയമ ലംഘനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം എന്നിവ തടയുന്നതിനുള്ള ബോധവല്‍ക്കരണ പരമ്പരകളും ആരംഭിക്കും.

movie news,koodathai case,web series,kerala police,new report,malayalam news,latest news

Top