ലാബ് റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യം തികച്ചും ആശങ്കാജനകമെന്ന് മണിയുടെ സഹോദരന്‍

ലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിലെ നിഗമനങ്ങളെ വിമര്‍ശിച്ച് സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. മണിയുടെ മരണവുമായി ബന്ധപ്പെട്ട പരിശോധനയില്‍ ലാബ് റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യം തികച്ചും ആശങ്കാജനകമാണെന്ന് രാമകൃഷ്ണന്‍ പറയുന്നു.

ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ ചിലത് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെ പരിഗണിക്കുകയും മറ്റു ചില കേസുകളില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തള്ളുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് രാമകൃഷ്ണന്‍ ചോദിക്കുന്നു. ലാബിന്റെ നിഗമനങ്ങളെ സി.ബി.ഐ തള്ളിയ സാഹചര്യത്തിലാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആശങ്ക പങ്കുവച്ചത്.

ആര്‍.എല്‍.വി. രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം:

ചില മരണങ്ങളില്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെ പരിഗണിക്കുകയും മറ്റു ചില കേസുകളില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തള്ളുകയും ചെയ്യുന്നത് എന്തുകൊണ്ട്? മണി ചേട്ടന്റെ മരണകാരണം മീഥൈയ്ല്‍ ആല്‍ക്കഹോല്‍ പോയ്സണ്‍ ഉള്ളില്‍ ചെന്നിട്ടാണ് എന്ന് കാക്കനാട് ഫോറന്‍സിക് ലാബും ഹൈദരാബാദ് ലാബും വിലയിരുത്തിയിട്ടുണ്ടായിരുന്നത്.. ഇതു പ്രകാരം കേസ് കോടതിയില്‍ പരിഗണിച്ചപ്പോഴും കേരളത്തിലെ മെഡിക്കല്‍ വിഭാഗത്തോട് റിപ്പോര്‍ട്ട് ഒരിക്കല്‍ കൂടി കോടതി ആവശ്യപ്പെട്ടപ്പോഴും മെഡിക്കല്‍ ബോര്‍ഡ് സംഘങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചത് മീഥെയില്‍ ആല്‍ക്കഹോള്‍ പോയ്സണ്‍ ആണ് കോസ് ഫോര്‍ ഡെത്തായി പറഞ്ഞ കാരണം. കാക്കനാട് ലാബിന്റെ പരിശോധന ഫലത്തേക്കാള്‍ ഇരട്ടിയായിരുന്നു ഹൈദരാബാദ് ലാബിന്റെ പരിശോധനയില്‍ കണ്ടത്.

എന്നാല്‍ സിബിഐ ഇതിനെയെല്ലാം തള്ളിയിരിക്കുകയാണിപ്പോള്‍. കേരളത്തില്‍ നടക്കുന്ന ദുരൂഹ മരണങ്ങളുടെ നിഗമനങ്ങള്‍ കണ്ടെത്തുന്നത് നമ്മുടെ ഫോറന്‍സിക് ലാബുകളിലൂടെയാണ്. ഈ ലാബുകളുടെ പരിശോധനാ ഫലങ്ങളെ തള്ളുകയാണെങ്കില്‍ ഈ സ്ഥാപനങ്ങള്‍ ഇവിടെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയുണ്ടോ? ഇനി അന്വേഷിച്ച് കണ്ടെത്തേണ്ട നിരവധി ദുരൂഹ മരണങ്ങളുടെ അടിസ്ഥാന റിപ്പോര്‍ട്ടുകള്‍ തരേണ്ടത് ഈ ലാബുകളാണ്. ഈ ലാബുകളുടെ നിഗമനങ്ങളെ തള്ളുമ്പോള്‍ അത്തരം നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെട്ട കേസുകളും ഇനി വരാനിരിക്കുന്ന തീര്‍പ്പു കല്പിക്കേണ്ടതായ കേസുകളുടെ വിശ്വാസ്യത എങ്ങിനെയാണ് ഉറപ്പു വരുത്തുക ??? ഇരകളായ കുടുംബാംഗങ്ങള്‍ക്ക് വലിയ ആശങ്കകളാണ് ഉണ്ടാകുന്നത്.

Top