കാലം കാത്ത് വച്ച കൗതുകം; അന്ന് സുകുമാരനൊപ്പം, ഇന്ന് മകന്‍ പൃഥ്വിക്കൊപ്പം

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഞങ്ങളുടെ കൊച്ചു ഡോക്ടര്‍ എന്ന സിനിമയില്‍ ചെറുറോളിലെത്തി മിന്നിമറഞ്ഞ നടന്‍ ഇന്ന് കയ്യടി നേടുന്നത് പൃഥ്വിരാജും ബിജു മേനോനും നായകനായ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലൂടെയാണ്. ആ നടന്‍ മറ്റാരുമല്ല, പൃഥ്വി അവതരിപ്പിക്കുന്ന ‘കോശി’യുടെ ഡ്രൈവര്‍ കുമാരേട്ടനെ അവതരിപ്പിച്ച കോട്ടയം രമേശ് ആണത്. ഇപ്പോള്‍ ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയനുമാണ് കോട്ടയം രമേശ്.

രമേശിന് വര്‍ഷങ്ങള്‍ വേണ്ടിവന്നു സിനിമയില്‍ ഒന്ന് കയ്യെത്തിപ്പിടിക്കാന്‍. 31 വര്‍ഷം മുമ്പ് സുകുമാരന്‍ അഭിനയിച്ച സിനിമയിലൂടെ മിന്നിമറഞ്ഞ നടന്‍ പിന്നീട് അദ്ദേഹത്തിന്റെ മകന്‍ പൃഥ്വിരാജ് നായകനായ സിനിമയിലൂടെ കയ്യടി നേടുകയാണ്. സുകുമാരന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രത്തെ ചോദ്യം ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥന്റെ റോളിലാണ് കോട്ടയം രമേശ് അന്നെത്തിയത്. ഇന്ന് പൃഥ്വിക്കൊപ്പം മുഴുനീള കഥാപാത്രമായിട്ടും.


‘അയ്യപ്പനും കോശിയും’ കണ്ടിറങ്ങിയ ശേഷം കോട്ടയം രമേഷിനോട് സംസാരിച്ച അഫ്സല്‍ കരുനാഗപ്പള്ളിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ

ഇന്നലെ അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വെച്ചപ്പോള്‍ രമേഷേട്ടന്‍ പഴയ ഒരു ഓര്‍മ്മ പങ്കു വെച്ചു.

1989 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടര്‍’ എന്ന സിനിമയില്‍ സുകുമാരന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രത്തെ ചോദ്യം ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷേട്ടന്.

ഒരു പാട്ട് രംഗത്തില്‍ സെക്കന്റുകള്‍ മാത്രം സ്‌ക്രീനില്‍ വന്നു പോകുന്ന വേഷം. എവിടെയാണ് വന്നു പോകുന്നതെന്ന് കൃത്യമായി രമേഷേട്ടന്‍ പറഞ്ഞു തന്നത് കൊണ്ട് അപ്പോള്‍ തന്നെ യൂട്യൂബില്‍ കയറി ആ സീനിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തു.

സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും തലേന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങള്‍ ഉണ്ട് അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തില്‍ നിന്നും മകന്‍ ‘കുമാരാ’ എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളര്‍ച്ച. അഭിമാനം രമേഷേട്ടാ

Top