ആരാധന വ്യക്തിതാല്‍പര്യമാണ്, പക്ഷേ ഒരു മാസ്‌ക് എങ്കിലും ഉപയോഗിക്കാമായിരുന്നു: അജു

കൊച്ചി വിമാനത്താവളത്തില്‍ റിയാലിറ്റി ഷോ മത്സരാര്‍ഥിക്ക് ആരാധകര്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്. തന്റെ ഫെയ്‌സ് ബുക്ക് വഴിയാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്. ആരാധന വ്യക്തിതാല്‍പര്യമാണെന്നും പക്ഷേ ഒരു മാസ്‌ക് എങ്കിലും വന്നവര്‍ക്ക് ഉപയോഗിക്കാമായിരുന്നെന്ന് താരം ഫെയ്സ്ബുക്കില്‍ കുറിച്ചു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ആള്‍ക്കാരുടെ ഫോട്ടോ സഹിതം പങ്കുവച്ചാണ് അജു തന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം മദ്യശാലയില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്ന ചിത്രവും അജു പങ്കുവച്ചു. ‘ഈ ചിത്രം ഈ അടുത്ത് എടുത്തതാണെങ്കില്‍, താഴെ പറഞ്ഞത് ഇവിടെയും ബാധകം’ എന്നാണ് ചിത്രത്തിന് താഴെ അജു കുറിച്ചത്.

എന്നാല്‍ അജുവിന്റെ പോസ്റ്റിന് മത്സരാര്‍ഥിയുടെ ആരാധകരുടെ സൈബര്‍ ആക്രമണം ശക്തമാവുകയാണ്. കഴിഞ്ഞദിവസം ഇതേ മത്സരാര്‍ഥിയെ ഷോയില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തില്‍ ഷോയുടെ അവതാരകനായ മോഹന്‍ലാലിനെതിരേയും മത്സരാര്‍ഥിയുടെ ആരാധകര്‍ കടുത്ത ആക്രമണവുമായി രംഗത്ത് എത്തിയിരുന്നു.

Top