സിനിമ, മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ സൗജന്യം; വാഗ്ദാനവുമായി ചിരഞ്ജീവി

ലച്ചിത്രപ്രവർത്തകർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നൽകുമെന്ന വാഗ്ദാനവുമായി തെലുങ്ക് നടന്‍ ചിരഞ്ജീവി. താരം നേതൃത്വം നല്‍കുന്ന കൊറോണ ക്രൈസിസ് ചാരിറ്റിയും(CCC)അപ്പോളോ 247മായി സഹകരിച്ചാണ് വാക്സിന്‍ നല്‍കുന്നത്.

ഏപ്രില്‍ 22 മുതല്‍ 45 വയസിന് മുകളിലുള്ള എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും തെലുങ്ക് സിനിമ മാധ്യമപ്രവർത്തകർക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെ ചിരഞ്ജീവി അറിയിച്ചു. വാക്സിന്‍ ലഭിക്കാന്‍ അർഹതയുള്ളവർക്ക് അവരുടെ പങ്കാളികളെയും കൊണ്ടുവരാമെന്ന് താരം വീഡിയോയിൽ വ്യക്തമാക്കി. ഒരു മാസത്തോളം വാക്സിൻ വിതരണം നീണ്ടുനില്‍ക്കും.

കഴിഞ്ഞ വര്‍ഷമാണ് തെലുങ്ക് സിനിമാരംഗത്തെ സഹപ്രവര്‍ത്തകരുമായി സഹകരിച്ച് സിസിസിക്ക് ചിരഞ്ജീവി തുടക്കം കുറിച്ചത്. ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ സിനിമമേഖലയിലുള്ളവര്‍ക്ക് സിസിസിയുടെ നേതൃത്വത്തില്‍ ഒട്ടേറെ സാമ്പത്തികസഹായങ്ങള്‍ ചെയ്തിരുന്നു.

നടന്‍മാരായ നാഗാര്‍ജുന, പ്രഭാസ്, രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, നടി കാജല്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ കഴിഞ്ഞ വര്‍ഷം കൊറോണ ക്രൈസിസ് സൊസൈറ്റിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ലോക്ഡൗണില്‍ ജോലി നഷ്ടമായ സിനിമക്കാര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും നൽകാനായി ഈ ഫണ്ട് വിനിയോഗിച്ചു.

Top