ഇന്ത്യൻ സിനിമാ മേഖലയെയും ഞെട്ടിച്ച് കാട്ടുരാജാവ് കളക്ഷനിലും രാജാവ് !

ലോക ചലച്ചിത്ര ചരിത്രത്തില്‍ ഇടം പിടിക്കാനുള്ള വലിയ കുതിപ്പിലാണിപ്പോള്‍ ഹോളിവുഡ് ചിത്രം ‘ലയണ്‍ കിങ്’. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ തന്നെ 62.65 കോടി രൂപയാണ് ഇന്ത്യയില്‍ മാത്രം ഈ ചിത്രം വാരി കൂട്ടിയിരിക്കുന്നത്. ഏഴ് ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഇത് 80 കോടി കവിയും. റിലീസ് ചെയ്ത ആദ്യദിനം തന്നെ 11.06 കോടി രൂപയാണ് ലയണ്‍ കിങ് നേടിയത്.

റിലീസിങ് കേന്ദ്രങ്ങള്‍ കൂടുതല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാട്ടുരാജാവ് ഇന്ത്യന്‍ സിനിമ മേഖലയിലും ഇതിനകം രാജാവാകുമായിരുന്നു. എന്തായാലും പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് ഈ സിനിമക്കായി തിയേറ്റര്‍ ഉടമകളും ഇപ്പോള്‍ ക്യൂ നില്‍ക്കുകയാണ്.

ഇന്ത്യയില്‍ ആദ്യ ദിവസം തന്നെ പണം വാരി കൂട്ടിയ മൂന്നാമത്തെ ഹോളിവുഡ് ചിത്രമാണ് ലയണ്‍ കിങ്. അവഞ്ചേഴ്സ് എന്‍ഡ് ഗെയിം, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉള്ളത്. അവഞ്ചേഴ്സ് എന്‍ഡ് ഗെയിം മൊത്തം 158.65 കോടി നേടിയപ്പോള്‍ അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന് 94.30 കോടി രൂപയാണ് ലഭിച്ചത്. ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത് പുതിയ റെക്കോര്‍ഡ് ലയണ്‍ കിങ് സ്ഥാപിക്കാനുള്ള സാധ്യതയും നിലവില്‍ കൂടുതലാണ്.

ഇന്ത്യയില്‍ ഏറ്റവും അധികം പണം വാരിയ ഹോളിവുഡ് സിനിമകളില്‍ ടൈറ്റാനിക്കും, ജുറാസിക്ക് പാര്‍ക്കും, ടെര്‍മിനേറ്ററും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുണ്ട്. എന്നാല്‍ പുതിയ കാലത്തെ കളക്ഷന്‍ ആനുകൂല്യം കൂടി ലഭിക്കുന്നത് ലയണ്‍ കിങ്ങിനാണ് വലിയ നേട്ടമാകുക.

ഡിസ്നിയുടെ എക്കാലത്തെയും മികച്ച ആനിമേഷന്‍ ചിത്രങ്ങളിലൊന്നായ 1994ല്‍ പുറത്തിറങ്ങിയ ലയണ്‍ കിങ്ങിന്റെ റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത് ജോണ്‍ ഫവ്രോ ആണ്. പ്രോസ്തെറ്റിക് കംപ്യൂട്ടര്‍ അനിമേറ്റഡ് റീമേക്കാണ് ലയണ്‍ കിങ്. 2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം ജോണ്‍ ഒരുക്കുന്ന അനിമേഷന്‍ ചിത്രമാണിത്. കാട്ടിലെ രാജാവായ മുഫാസ എന്ന സിംഹത്തിന്റെയും മകന്‍ സിംബയുടെയും കഥ പറയുന്നതാണ് ചിത്രം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭാഷാഭേദമില്ലാതെ കണ്ടാസ്വാദിക്കാന്‍ കഴിയുന്ന ചിത്രമാണിത്. ത്രിഡിയില്‍ വിസ്മയം തീര്‍ത്ത ലയണ്‍ കിങ് ഇതിനകം തന്നെ നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. കാട്ടുരാജാവിനെ ചതിച്ച് കൊല്ലുന്നവരോട് പ്രതികാരം ചെയ്ത് ഒടുവില്‍ സിംഹാസനം പിടിച്ചെടുക്കുന്ന മകന്റെ കഥയാണ് ലയണ്‍ കിങ്. പതിവ് ഹോളിവുഡ് ചിത്രങ്ങളുടെ പാത കൈവിട്ട് ഗാനങ്ങള്‍ക്കും ഈ സിനിമയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ലോകംമുഴുവന്‍ ആരാധകരുള്ള ലയണ്‍ കിങ്ങിനായി ശബ്ദം നല്‍കാനായതില്‍ വലിയ സന്തോഷത്തിലാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്റെ ശബ്ദം മുഫാസയ്ക്കാണ് നല്‍കിയിരിക്കുന്നത്. സിംബയാകുന്നത് മകന്‍ ആര്യന്‍ ഖാന്റെ ശബ്ദമാണ്.

ചിത്രത്തിലെ ആര്യന്റെ ഡബ്ബിങ് വീഡിയോ മുന്‍പ് തന്നെ ഷാരൂഖ് ഖാന്‍ പുറത്തുവിട്ടിരുന്നു. ഇതോടെ ആവേശത്തിലായ ആരാധകര്‍ വീഡിയോയ്ക്കു താഴെ സന്തോഷവും പങ്കുവച്ചിരുന്നു. ഷാരൂഖിന്റെയും ആര്യന്റെയും ശബ്ദങ്ങളിലെ സാമ്യതയാണ് പലരും ചൂണ്ടിക്കാട്ടിയിരുന്നത്.

മകന്റെ ഡബ്ബിങ് വീഡിയോ ഷാരൂഖ് ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. ‘മേരാ സിംബ’ എന്ന അടിക്കുറിപ്പോടെ. ‘മേഹൂ സിംബ, മുഫാസാ കാ ബേട്ട’ എന്ന് തുടങ്ങുന്നതാണ് വീഡിയോ. നേരത്തെയും ഷാരൂഖും ആര്യനും ഒരുമിച്ച് ഡബ് ചെയ്തിട്ടുണ്ട്. ഇന്‍ക്രെഡിബിള്‍ എന്ന ഹോളിവുഡ് ചിത്രത്തിനുവേണ്ടിയായിരുന്നു ഇത്. ഷാരുഖും മകനും ലയണ്‍ കിങ്ങിന് ശബ്ദം നല്‍കിയത് ഈ ചിത്രത്തെ സംബന്ധിച്ച് വലിയ പബ്ലിസിറ്റി ലഭിക്കാനും കാരണമായിട്ടുണ്ട്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് പോലും ബിഗ് മാര്‍ക്കറ്റാണ് ഇന്ത്യയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ലയണ്‍ കിങ്ങിന്റെ ഇപ്പോഴത്തെ കിടിലന്‍ മുന്നേറ്റം.

Staff Reporter

Top