മതത്തിന്റെ പേരില്‍ വോട്ടര്‍മാരെ വിഭജിക്കാനുള്ള നീക്കം തടയും; മമത

കൊല്‍ക്കത്ത: ബംഗാളില്‍ ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുതെന്ന് മുസ്ലീം വിഭഗത്തോട് ആവശ്യപ്പെട്ടതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ച സംഭവത്തില്‍ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

10 കാരണം കാണിക്കല്‍ നോട്ടീസ് അയച്ചാലും മതത്തിന്റെ പേരില്‍ വോട്ടര്‍മാരെ വിഭജിക്കാനുള്ള നീക്കം തടയുമെന്ന് മമത പറഞ്ഞു. ‘നിങ്ങള്‍ക്ക് (തെരഞ്ഞെടുപ്പ് കമ്മീഷന്‍) 10 കാരണം കാണിക്കല്‍ നോട്ടീസ് അയക്കാം. അപ്പോഴും എന്റെ ഉത്തരം ഇതുതന്നെ ആയിരിക്കും. ഹിന്ദു, മുസ്ലീം വോട്ടുകളില്‍ എന്തെങ്കിലും വിഭജനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കും’ – മമതാ ബാനര്‍ജി പറഞ്ഞു.

എപ്പോഴും മുസ്ലീം ഹിന്ദു വോട്ടുകളെ കുറിച്ച് പറയുന്ന മോദിക്കതെിരെ എന്താണ് ആരും പരാതി നല്‍കാത്തത്. നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ മിനി പാക്കിസ്ഥാന്‍ എന്ന വാക്ക് പല തവണ പറഞ്ഞവര്‍ക്കെതിരെ എത്ര പരാതി ലഭിച്ചു – സുവേന്ദു അധികാരിക്കെതിരെ മമത ആഞ്ഞടിച്ചു. പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ പോള്‍ പാനല്‍ മനപൂര്‍വ്വമായി അവഗണിക്കുകയാണെന്നും മമത ആരോപിച്ചു.

Top