കാനഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ നീക്കം

കാനഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് തന്റെ അടുത്ത വൃത്തങ്ങളുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സംസാരിച്ചുവെന്ന് കാനഡയിലെ ഔദ്യോഗിക മാധ്യമമായ സിബിസി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നാണ് സൂചന.

ഞായറാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് എന്നാണ് സൂചന. പ്രതിഷേധക്കാരുടെ കയ്യേറ്റങ്ങളും ഉപരോധങ്ങളും ഒഴിപ്പിക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് ട്രൂഡോ ട്വീറ്റ് ചെയ്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതാണ് മൗനത്തേക്കാള്‍ നല്ലതെന്ന് മുതിര്‍ന്ന മന്ത്രിയും പ്രതികരിച്ചിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍ ആരംഭിച്ച റോഡ് ഉപരോധം വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. കടുത്ത് തണുപ്പുള്ള കാലാവസ്ഥയിലും നിരവധി പേരാണ് പ്രതിഷേധങ്ങളില്‍ പങ്കുചേരുന്നത്. അതിര്‍ത്തി കടന്നുവകുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കൊവിഡ് വാക്‌സീനേഷന്‍ നിര്‍ബന്ധമാക്കിയതാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

Top