അവസാനം മൗറീനോയുടെ പുറത്താക്കലിനെ കുറിച്ച് പ്രതികരണവുമായി പോഗ്ബ എത്തി

ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ മൗറീനോയെ ക്ലബില്‍ നിന്ന് പുറത്താക്കിയത്. മൗറീനോയുടെ ഈ പുറത്താക്കല്‍ പോഗ്ബയെ സന്തോഷിപ്പിച്ചു എന്നാണ് ആ സമയത്ത് പുറത്തു വന്ന വാര്‍ത്ത. പോഗ്ബയും മൗറീനോയും തമ്മിലുണ്ടായിരുന്നു പിണക്കമാണ് അത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം. മാത്രവുമല്ല മൗറീനോയുടെ പുറത്താക്കല്‍ വാര്‍ത്ത വന്നതിന് പിന്നാലെ ഒരു കള്ള ചിരിയുമായി നില്‍ക്കുന്ന ഫോട്ടോ പോഗ്‌ബെ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പിന്നീട് ചിത്രം വിവാദമായപ്പോള്‍ പോഗ്‌ബെ അത് പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോളിതാ മൗറീനോ ക്ലബ് വിട്ടതില്‍ പ്രതികരണവുമായി പോഗ്‌ബെ രംഗത്തെത്തിയിരിക്കുകയാണ്. മൗറീനോയുടെ കീഴില്‍ താന്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. അതിന് ഞാന്‍ മൗറീനോയോട് നന്ദി പറയുന്നു. മൗറീനോ തന്നെ ഒരു വ്യക്തി എന്ന നിലയില്‍ ഏറെ പക്വതയുള്ള ആളാക്കി. അതിനു അദ്ദേഹത്തോട് നന്ദി പറയുന്നു പോഗ്ബ പറഞ്ഞു.

മാഞ്ചസ്റ്ററില്‍ മൗറീനോയുമായി ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് പോഗ്ബയ്ക്ക് ആയിരുന്നു. പോഗ്ബയെ സ്ഥിരമായി ബെഞ്ചില്‍ ഇരുത്തുകയും ഒപ്പം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു മൗറീനോ. എന്തായാലും പോഗ്ബ മൗറീനോയ്ക്ക് നല്ല ആശംസകളാണ് നേര്‍ന്നത്. മൗറീനോ പോയതോടെ ആദ്യ ഇലവനില്‍ തിരിച്ചെത്തിയ പോഗ്ബ ഇന്നലെ കാര്‍ഡിഫിനെതിരെ മികച്ച കളിയായിരുന്നു കാഴ്ചവെച്ചത്. രണ്ട് അസിസ്റ്റുകള്‍ ഇന്നലത്തെ മത്സരത്തില്‍ പോഗ്ബ സ്വന്തമാക്കി.

Top