മോട്ടോ E40 വിപണിയില്‍ അവതരിപ്പിച്ച് മോട്ടോറോള; ഇന്ത്യ ലോഞ്ച് ഈ മാസം 12ന്

ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ്, മോട്ടോറോള തങ്ങളുടെ പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ E40 യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 48-മെഗാപിക്സല്‍ പ്രധാന ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി, പുറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ആകര്‍ഷണമായ മോട്ടോ E40യുടെ ഇന്ത്യ ലോഞ്ചിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് യൂറോപ്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഈ മാസം 12നാണ് ഇന്ത്യ ലോഞ്ച് ക്രമീകരിച്ചിരിക്കുന്നത്.

മോട്ടോ E40യ്ക്ക് 149 യൂറോയാണ് (ഏകദേശം 12,900 രൂപ) വില. ചാര്‍ക്കോള്‍ ഗ്രേ, ക്ലേ പിങ്ക് എന്നീ നിറങ്ങളിലാണ് യൂറോപ്യന്‍ വിപണിയില്‍ മോട്ടോ E40 അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 11ലാണ് മോട്ടോ E40 പ്രവര്‍ത്തിക്കുക എന്നത് ഇതിനകം വ്യക്തമാണ്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് പുത്തന്‍ മോട്ടോറോള ഹാന്‍ഡ്‌സെറ്റിന്. 4 ജിബി റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂണിസോക് ടി 700 ഒക്ടാകോര്‍ പ്രോസസറാണ് ഹാന്‍ഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 64 ജിബി വരെയുള്ള ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

48 മെഗാപിക്‌സല്‍ പ്രധാന സെന്‍സറോടുകൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് മോട്ടോ E40യില്‍ ക്രമീകരിച്ചിരിക്കുന്നത്. നെറ്റ് ഫോട്ടോഗ്രാഫിക്ക് സഹായിക്കുന്ന ക്വാഡ് പിക്‌സല്‍ സാങ്കേതികവിദ്യയാണ് സെന്‍സറില്‍ സജ്ജീകരിച്ചിരിക്കുന്നത് എന്നാണ് മോട്ടോറോളയുടെ അവകാശവാദം. 5000 എംഎഎച്ച് ബാറ്ററിയാണ് ഹാന്‍ഡ്സെറ്റില്‍ ക്രമീകരിക്കുക. 40 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാനുള്ള പവര്‍ ഈ ബാറ്ററി നല്‍കും എന്ന് മോട്ടോറോള പറയുന്നു.

 

 

Top