രാജ്യത്തെ ഏറ്റവും വലിയ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സിയായി അദാനി ഗ്രൂപ്പ്

മുബൈ: രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള സി.എന്‍.ജി ഗ്യാസിന്റെയും, പൈപ് ലൈന്‍ വഴിയുള്ള വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെയും വിതരണ ലൈസന്‍സ് അദാനി ഗ്രൂപ്പിന് ലഭിച്ചു.

ആറ് നഗരങ്ങളില്‍ അദാനി ഗ്രൂപ്പ് ഒറ്റയ്ക്ക് ലൈസന്‍സ് നേടിയെടുത്തപ്പോള്‍, അഞ്ച് നഗരങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി (ഐ.ഒ.സി) ചേര്‍ന്നാണ് ഗ്യാസ് വിതരണം നടത്തുന്നത്. ഇതോടെ 86 നഗരങ്ങളില്‍ 48 എണ്ണത്തിലും അദാനി ഗ്രൂപ്പിന് പങ്കാളിത്തമുണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സി.ജി.ഡി) ഏജന്‍സിയായി അദാനി ഗ്രൂപ്പ് മാറും.

പെട്രോളിയം ആന്റ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ റിപോര്‍ട്ടനുസരിച്ച് പൊതുമേഖലാ എണ്ണകമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനേയും, ഭാരത് പെട്രോളിയം കോര്‍പ്പറേഷനേയും, ഗെയിലിനേയും(ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പിന്തള്ളിയാണ് സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പ് രാജ്യത്തെ സുപ്രധാന നഗരങ്ങളിലെ ഗ്യാസ് വിതരണത്തിന്റെ ചുമതലക്കാരാകുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നാല് നഗരങ്ങളിലും, ഭാരത് പെട്രോളിയം കോര്‍പ്പറേഷന് ആറ് നഗരങ്ങളിലും ഗെയിലിന് മൂന്ന് നഗരങ്ങളിലുമാണ് വിതരണ ലൈസന്‍സ് ലഭിച്ചിരിക്കുന്നത്.

Top