മോട്ടോര്‍ വാഹന പിഴത്തുക കുറച്ച കേരളാ സര്‍ക്കാരിന്റെ നടപടി അംഗീകരിച്ച് കേന്ദ്രം!

തിരുവനന്തപുരം: ഒടുവില്‍ കേരളാ സര്‍ക്കാരിന്റെ നടപടി അംഗീകരിച്ചതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. മോട്ടോര്‍ വാഹന പിഴത്തുക കുറച്ച കേരളത്തിന്റെ നടപടിയാണ് കേന്ദ്രം ഇപ്പോള്‍ ശരിവെച്ചിരിക്കുന്നത്.

അതേസമയം, ഒരു സംസ്ഥാനം മാത്രം പിഴ കുറച്ചത് അംഗീകരിക്കാനാകില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള വിശദീകരണം. മാത്രമല്ല, പുതുക്കിയ മോട്ടോര്‍വാഹനനിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞ തുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേരളാ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയായിരുന്നു. അതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഗഡ്കരി പിണറായി സര്‍ക്കാരിന് മറുപടി കത്തയച്ചിരിക്കുന്നത്.

ഗതാഗത നിയമം ലംഘിച്ചാല്‍ നല്‍കുന്ന പിഴയുടെ പത്തിരട്ടിയാണ് പുതുക്കിയ തുക. തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇടക്കാലത്ത് വാഹന പരിശോധന തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മോട്ടോര്‍ വാഹന പിഴയിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴത്തുക പകുതിയാക്കി കുറച്ചു. ആയിരത്തില്‍ നിന്ന് 500 രൂപയാക്കിയാണ് പിഴ കുറച്ചത്. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയും പിഴ ഇടാക്കാനായിരുന്നു തീരുമാനം. അതുപോലെ വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയില്‍ നിന്ന് പതിനായിരമാക്കിയാണ് കുറച്ചത്.

Top