യാത്രാ സുരക്ഷ ഉറപ്പിക്കാം : ബസ് ഡ്രൈവര്‍മാരെ നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

കാക്കനാട്:പൊതുജനങ്ങളുടെ യാത്രാ സുരക്ഷയ്ക്കായി ബസ് ഡ്രൈവര്‍മാരെ നല്‍കി മോട്ടോര്‍ വാഹന വകുപ്പ്.

വിദഗ്ധരും പരിശീലനം നേടിയവരുമായ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ച് ബസ് ഡ്രൈവര്‍മാരുടെ ഡേറ്റ ബാങ്ക് തയ്യാറാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

പൊതുജനങ്ങള്‍ക്ക് ഇവ ലഭ്യമാകുന്ന വിധത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പരിചയസമ്പന്നര്‍, കെ.എസ്.ആര്‍.ടി.സി പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ഡ്രൈവര്‍മാര്‍ എന്നിവരുടെ പേര്, ലൈസന്‍സ് നമ്പര്‍, ബാഡ്ജ് നമ്പര്‍ തുടങ്ങിയ വിശദ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

നിലവില്‍ ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കിയാല്‍ ഉടമയുടെ പേരും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ് സൈറ്റില്‍ നിന്നു ലഭിക്കും. ഇതിന് പുറമെ വാഹനം അപകടത്തില്‍പ്പെട്ടതാണോ എന്നുകൂടി തിരിച്ചറിയാന്‍ കഴിയുംവിധമാണ് ഈ ക്രമീകരണം.

ഒന്നോ, രണ്ടോ ബസ് മാത്രമുള്ള പ്രദേശത്ത് സര്‍വീസ് നടത്തുന്ന ബസ് ഉടമകള്‍ക്ക് ഡ്രൈവര്‍മാരെ കിട്ടാത്തതുമൂലം സര്‍വീസ് കൃത്യമായി നടത്താന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്ന് ബസ് ഉടമകള്‍ക്കും ഇതൊരു പരിഹാരമാകും.

Top