റോബിന്‍ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

വാളയാര്‍: റോബിന്‍ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയച്ചു. നേരത്തെ മൈലപ്രയിലും ആനക്കാടും ബസ് തടഞ്ഞിരുന്നു. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ബസ് പുറപ്പെട്ടത് ഇന്ന് പുലര്‍ച്ചെയാണ്. പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റര്‍ പിന്നിട്ട് മൈലപ്രയില്‍ എത്തിയപ്പോള്‍ മോട്ടര്‍ വാഹന വകുപ്പ് വീണ്ടും പരിശോധനയ്ക്കായി തടഞ്ഞു.

പരിശോധന പൂര്‍ത്തിയാക്കിയ ശേഷം യാത്ര തുടരാന്‍ അനുവദിച്ചു. ഒരു മാസത്തിനു ശേഷമാണ് റോബിന്‍ ബസ് നിരത്തിലിറങ്ങുന്നത്. യാത്രക്കാരെല്ലാം ടിക്കറ്റ് ബുക്ക് ചെയ്താണോ യാത്ര ചെയ്യുന്നതെന്ന് അറിയാനായിരുന്നു പരിശോധന. യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധിച്ചു. എല്ലാം നിയമപരമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു.

നിയമലംഘനം ഉണ്ടായാല്‍ ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് എംവിഡിയുടെ നിലപാട്. ഇതിനെതിരെ ബസ് ഉടമ ബേബി ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ അടുത്ത മാസം അന്തിമ വിധിയുണ്ടാകും.

Top