നികുതി അടയ്ക്കാത്ത അന്തര്‍സംസ്ഥാനവാഹനങ്ങള്‍ക്ക് കുരുക്കിടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: നികുതി കുടിശിക അടയ്ക്കാതെ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കു പിടിക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍.

നികുതി കുടിശിക അടച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാഹന ഉടമകള്‍ക്കു മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ദിവസേന സര്‍വീസ് നടത്തുന്ന വാഹനങ്ങളാണ് ഇത്തരത്തില്‍ കുടിശിക വരുത്തിയിട്ടുള്ളത്.

പതിനായിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ ചില വാഹനങ്ങള്‍ നികുതി അടയ്ക്കാനുണ്ട്. ഇതുസംബന്ധിച്ച് വാഹന ഉടമകള്‍ ഹൈക്കോടതിയില്‍നിന്ന് വാങ്ങിയ സ്റ്റേ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ വകുപ്പ് തീരുമാനിച്ചത്.

നികുതി കുടിശിക തീര്‍ക്കാത്ത വാഹനങ്ങളെ ഓഗസ്റ്റ് ഒന്നുമുതല്‍ കേരളത്തില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. 2014 ഏപ്രില്‍ ഒന്നു മുതലുള്ള പുതുക്കിയ നികുതി വാഹനങ്ങള്‍ അടയ്ക്കാനുണ്ട്. ഇത്തരം വാഹനങ്ങളെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പിടിച്ചിടാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Top