തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം: റോബിന്‍ ബസ് വീണ്ടും പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ട: റോബിന്‍ ബസ് വീണ്ടും പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കോയമ്പത്തൂരില്‍ നിന്നും മടങ്ങി വരും വഴിയായിരുന്നു പരിശോധന. ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്.

വന്‍ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കര്‍ശന നടപടി എടുത്തത്. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹനത്തിന്റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ളോഗര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്.

എന്നാല്‍ റോബിന്‍ ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാര്‍ പറയുന്നു. കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നാണ് റോബിന്‍ ബസ്സ് നടത്തിപ്പുകാരുടെ വാദം. കഴിഞ്ഞ ദിവസവും മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. പെര്‍മിറ്റ് ലംഘിച്ച് സര്‍വ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാണിച്ച് 7,500 രൂപ പിഴയിട്ടു. പിഴ അടച്ച് ബസ് വീണ്ടും സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തിരുന്നു.

Top