കോവിഡ് വ്യാപനം;വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് കൂടുതല്‍ സമയം അനുവദിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് കൂടുതല്‍ സമയം അനുവദിച്ച് കേരളാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്.

ഇതനുസരിച്ച് സ്റ്റേജ് കാര്യേജ് ബസുകളുടെ മാര്‍ച്ച് 31-ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 30-ാം തീയതിയിലേക്ക് നീട്ടിയിട്ടുണ്ട്. ഇതിനൊപ്പം ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതിയില്‍ മൂന്നില്‍ ഒരു ഭാഗം ഇളവ് ചെയ്തിട്ടുണ്ട്. ഇത് അടയ്ക്കാനുള്ള സമയം മേയ് 14 വരെ നീട്ടിയിട്ടുണ്ട്.

അതുപോലെ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതിയില്‍ 20 ശതമാനം ഇളവ് നല്‍കുകയും അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 14-ല്‍ നിന്ന് ഏപ്രില്‍ 30-ലേക്ക് നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഗുഡ്‌സ് വാഹനങ്ങളുടെ ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതി പുതുക്കേണ്ട തീയതി ഏപ്രില്‍ 30-ല്‍ നിന്നും മേയ് 15-ലേക്ക് നീട്ടിയിട്ടുണ്ട്.

മാര്‍ച്ച് 31-ന് നികുതി കാലവധി അവസാനിച്ച സ്വകാര്യ നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നികുതി അടയ്‌ക്കേണ്ട അവസാന തിയതി ഏപ്രില്‍ 14 ആയിരുന്നു. ഇത് ഈ മാസം 30 വരെ നീട്ടി നല്‍കിയിട്ടുണ്ട്. കൂടാതെ ജി- ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31-ല്‍ നിന്നും ഏപ്രില്‍ 30-ലേക്ക് മാറ്റിയിട്ടുണ്ട്.

Top