മോട്ടോ ജി 9 സ്മാര്‍ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന്

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ മോട്ടോ ജി 9ന്റെ ആദ്യ വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് നടക്കും. മോട്ടോ ജി9 സ്മാര്‍ട്ട്‌ഫോണ്‍ ഒറ്റ വേരിയന്റില്‍ മാത്രമാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 11,499 രൂപയാണ് വില. ഫോറസ്റ്റ് ഗ്രീന്‍, സഫയര്‍ ബ്ലൂ എന്നീ രണ്ട് കളര്‍ വേരിയന്റുകളില്‍ ഡിവൈസ് ലഭ്യമാകും.

6.5 ഇഞ്ച് എച്ച്ഡി + മാക്സ് വിഷന്‍ ടിഎഫ്ടി ഡിസ്പ്ലേയാണ് മോട്ടോ ജി9 സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. ഈ ഡിസ്‌പ്ലെയില്‍ 20: 9 അസ്പാക്ട് റേഷിയോ, 87 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ എന്നിവയും ഉണ്ട്. ഡ്യൂവല്‍ നാനോ സിം കാര്‍ഡ് സ്ലോട്ടുകളുള്ള ഈ ഡിവൈസ് ആന്‍ഡ്രോയിഡ് 10 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബി എല്‍പിഡിഡിആര്‍ 4 റാമിനൊപ്പം ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 SoCയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്.

മൂന്ന് പിന്‍ക്യാമറകളുമായിട്ടാണ് മോട്ടോ ജി9 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിട്ടുള്ളത്. ഇതിലെ പ്രൈമറി ക്യാമറ എഫ് / 1.7 ലെന്‍സുള്ള 48 മെഗാപിക്‌സല്‍ സെന്‍സറാണ്. ഇതിനൊപ്പം എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും എഫ് / 2.4 മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സറും ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളിങിനുമായി ഡിവൈസില്‍ എഫ് / 2.2 ലെന്‍സുള്ള 8 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറും കമ്പനി നല്‍കിയിട്ടുണ്ട്.

മോട്ടോ ജി9 സ്മാര്‍ട്ട്‌ഫോണില്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. ഈ വലിയ ബാറ്ററി ചാര്‍ജ് ചെയ്യാനായി 20W ഫാസ്റ്റ് ചാര്‍ജിംങ് സപ്പോര്‍ട്ടും കമ്പനി നല്‍കിയിട്ടുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്നിലാണ് ഘടിപ്പിച്ചിട്ടുള്ളത്. സ്റ്റോറേജ് തികയാതെ വരുന്നവര്‍ക്ക് സ്റ്റോറേജ് 512 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും കമ്പനി നല്‍കിയിട്ടുണ്ട്. 4ജി വോള്‍ട്ട്, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എന്‍എഫ്സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് ഡിവൈസില്‍ മോട്ടറോള ഉള്‍പ്പെടുത്തിയിരിക്കുന്ന കണക്ടിവിറ്റി ഓപ്ഷനുകള്‍.

Top