സോഷ്യൽ മീഡിയകളിൽ തരംഗമായി യുവ നേതാക്കളുടെ മോഷൻ പോസ്റ്റർ !

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ചൂട് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലേക്കും പടര്‍ന്നിരിക്കുകയാണ്. സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങിയതോടെയാണ് സോഷ്യല്‍ മീഡിയയും കൂടുതല്‍ സജീവമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫെയ്‌സ് ബുക്കിനും യൂട്യൂബിനും ചില നിയന്ത്രണങ്ങളൊക്കെ ഉണ്ടെങ്കിലും അതൊന്നും തന്നെ കാര്യമാക്കാതെയാണ് പ്രചാരണം പൊടിപൊടിക്കുന്നത്.

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രധാനമായും സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം മോഷന്‍ പോസ്റ്ററുകളും ടീസറുമാണ്. ഇതാദ്യമായാണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ ‘സ്‌റ്റൈല്‍’ പരീക്ഷിക്കപ്പെടുന്നത്. ബേപ്പൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ അഡ്വ. പി. എ മുഹമ്മദ് റിയാസിനു വേണ്ടി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററുകള്‍ ഇതിനകം തന്നെ വ്യാപക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റു കൂടിയായ റിയാസിനു വേണ്ടി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യാപകമായാണ് ഈ മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു വരുന്നത്. അതു പോലെ തന്നെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എം സച്ചിന്‍ ദേവിനായി പുറത്തിറക്കിയ ടീസറും വൈറലായിട്ടുണ്ട്. ‘ബാലുശ്ശേരിയിലെ അങ്കത്തട്ടിലേക്ക് വിദ്യാര്‍ത്ഥി പോരാളി” എന്ന ടീസറും ആവേശം തുടിക്കുന്നതാണ്. ഈ രണ്ട് യുവ നേതാക്കള്‍ക്കു വേണ്ടിയുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പൊടി പൊടിക്കുകയാണ്.

മുന്‍ പൊലീസ് കമ്മീഷണര്‍ പി.എം അബ്ദുള്‍ ഖാദറിന്റെ മകനായ മുഹമ്മദ് റിയാസ് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കൂടിയാണ്. റിട്ടയേഡ് മാതൃഭൂമി ജീവനക്കാരനായ കെ.എം നന്ദകുമാറിന്റെ മകനായ സച്ചിന്‍ ദേവിന് 27 വയസ്സുമാത്രമാണുള്ളത്. റിയാസും സച്ചിന്‍ദേവും കോഴിക്കോട് സ്വദേശികളാണെന്നതും ശ്രദ്ധേയമാണ്. ഇടതു കോട്ടകളിലെ വിജയം ഉറപ്പിക്കാന്‍ ബേപ്പൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെയും ബാലുശ്ശേരിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെയും പ്രത്യേക പ്രചരണ പരിപാടികളും നേതൃത്വം പ്ലാന്‍ ചെയ്തിട്ടുണ്ട്.

ഇവിടങ്ങളില്‍ എതിരാളികള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സി.പി.എം പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥികളെ പെട്ടന്ന് പ്രഖ്യാപിച്ച് പ്രചരണ രംഗത്ത് ആദ്യം തന്നെ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത് ഇടതുപക്ഷമാണ്. അതേസമയം ലേറ്റായാലും ലേറ്റസ്റ്റായി വരുവാനാണ് യു.ഡി.എഫും എന്‍.ഡി.എയും തയ്യാറെടുക്കുന്നത്. ഇതോടെ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തീ പാറുന്ന പോരാട്ടത്തിനാണ് കേരളവും ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

 

Top