ചരിത്ര കോണ്‍ഗ്രസില്‍ പൊലീസിനെതിരെ പ്രമേയം

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസില്‍ പൊലീസിനെതിരെ പ്രമേയം. ഉദ്ഘാടന ചടങ്ങിനിടെ പ്രതിഷേധിച്ച നാല് പ്രതിനിധികളെ കസ്റ്റഡിയിലെടുത്തതിന് എതിരെയാണ് പ്രമേയം. വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാന്‍ ആവില്ലെന്നും പ്രമേയത്തിലുണ്ട്.

കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറരുതെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. ചരിത്രകോണ്‍ഗ്രസിന്റെ ഉദ്ഘാടനപ്രസംഗത്തിനിടെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയായിരുന്നു പോലീസ് നടപടി. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെ ചരിത്രകാരന്മാരും രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് പ്രതിനിധികളായി എത്തിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകളേന്തിയും പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുകയായിരുന്നു.

പൊലീസ് ഉദ്ഘാടന വേദിയില്‍ കയറി അധ്യക്ഷനായിരുന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ തടയുന്നതുള്‍പ്പടെയുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായത്. ഇര്‍ഫാന്‍ ഹബീബ് തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇത്തരത്തിലൊരു നടപടി ഉണ്ടായതിന് മറുപടി പറയണമെന്നായിരുന്നു ഇര്‍ഫാന്‍ ഹബീബ് ആവശ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സംബന്ധിച്ച തുടര്‍ നടപടികള്‍ എന്തൊക്കെയാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇതു ചൂണ്ടിക്കാണിക്കുന്നതാണ് ഇന്ന് പാസ്സാക്കിയ പ്രമേയം.

Top