കുടുംബാസൂത്രണ രംഗത്ത് സംസ്ഥാനം മുന്നില്‍; എന്നിട്ടും ഈ അവസ്ഥയോ?

kadakampally surendran

തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ പെറ്റമ്മ ആറ് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണവും പരിശോധയും വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗവണ്‍മെന്റ് ഈ സംഭവത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും കടകംപളളി പറഞ്ഞു.

‘ഇങ്ങനെയൊരു സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഏഴു വര്‍ഷത്തിനിടെ ആറുകുഞ്ഞുങ്ങളെ പ്രസവിച്ച ഒരമ്മയുടെ അവസ്ഥ. നമ്മുടെ സംസ്ഥാനം കുടുംബാസൂത്രണ രംഗത്ത് ഇത്രയേറെ മുന്നോട്ട് വന്നെന്ന് പറയുമ്പോഴും ഈ ഒരു അവസ്ഥ എങ്ങനെയുണ്ടായി? എന്തുകൊണ്ട് പ്രസവത്തിന് ചെല്ലുമ്പോള്‍ ആശുപത്രി അധികൃതരോ മറ്റോ അവരെ ഉപദേശിക്കാനോ ആവശ്യമായ സഹായം നല്‍കാനോ മുതിര്‍ന്നില്ല?’മന്ത്രി ചോദിച്ചു.

ഇന്നലെയാണ് നാടിനെ ഞെട്ടിച്ച വാര്‍ത്ത പുറത്തുവന്നത്. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും കഴിയുന്നത്.

മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണ്. ഭക്ഷണത്തിനുള്ള വക ഭര്‍ത്താവ് തരാറില്ല. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളെയാണ് ശിശുക്ഷേമസമിതി ഏറ്റെടുത്തത്.

Top