പ്രതിഷേധ തീജ്വാലയിൽ ഉരുകി തെലങ്കാന, അവളെ കാക്കാൻ കാക്കിക്കുമായില്ല

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മണ്ഡല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്.

ജഡ്ജ് അവധിയായിരുന്നതിനാലും പ്രതികള്‍ക്കെതിരായ കടുത്ത പ്രതിഷേധം കണക്കിലെടുത്തുമാണ് മഹാബുബന്‍നഗറിലെ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഹാജരാക്കാതെ പ്രതികളെ മണ്ഡല്‍ കോടതിയില്‍ ഹാജരാക്കിയത്.

ഇതിനിടെ കേസന്വേഷണം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അടുത്ത അറിയിപ്പുണ്ടാവുന്നതുവരെ ജോലിക്ക് ഹാജരാകേണ്ടെന്നാണ് ഇവരെ അറിയിച്ചത്. സൈബരാബാദ് പോലീസ് കമ്മീഷണര്‍ വിസി സജ്ജാനറാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

കേസന്വേഷണം പോലീസ് വൈകിപ്പിക്കുന്നുവെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചെന്നും ചൂണ്ടിക്കാണിച്ച് യുവതിയുടെ കുടുംബം പ്രതിഷേധം അറിയിച്ചിരുന്നു. നവംബര്‍ 27ന് രാത്രിയാണ് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പോലീസിനെ സമീപിച്ചത്.

പ്രതികളെ തനിക്ക് ജീവനോട് കത്തിക്കണമെന്ന രൂക്ഷ പരാമര്‍ശവുമായി യുവതിയുടെ അമ്മ രംഗത്ത് വന്നിട്ടുണ്ട്. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തന്റെ മകളെ രക്ഷിക്കാമായിരുന്നെന്നും യുവതിയുടെ അമ്മ പറഞ്ഞു. തങ്ങളുടെ പരാതിയെ വളരെ നിസാരമായാണ് പൊലീസ് കണ്ടതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. ബുധനാഴ്ച വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് തിരികെപ്പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

വെറ്റിനറി ഡോക്ടറുടെ മൃതദേഹം ലഭിച്ച സ്ഥലത്തു നിന്നും ഏതാനം കിലോമീറ്ററുകള്‍ അകലെ നിന്നും മറ്റൊരു യുവതിയുടെ മൃതദേഹവും ഇന്നലെ കണ്ടെത്തിയിരുന്നു.

Top