മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചുകൊന്നു

കെയ്‌റോ: കരച്ചില്‍ നിര്‍ത്താത്തതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ റിമോട്ട് കൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍ അമ്മയുടെ മാനസിക നില പരിശോധിക്കണമെന്ന് കോടതി. ഈജിപ്തിലാണ് സംഭവം. ശര്‍ഖിയയിലെ ക്രിമിനല്‍ കോടതിയുടെ പരിഗണനയ്ക്ക് കേസ് വന്നപ്പോഴാണ് അമ്മയെ 45 ദിവസം നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചത്.

ആശുപത്രിയില്‍ 45 ദിവസം അമ്മയെ പാര്‍പ്പിച്ച ശേഷം അവരുടെ മാനസിക നില പരിശോധിക്കാനും ബോധപൂര്‍വം കുഞ്ഞിനെ കൊന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് മാനസിക പരിശോധാന റിപ്പോര്‍ട്ട് കിട്ടിയ ശേഷം നവംബറില്‍ കേസിന്റെ വിചാരണ തുടങ്ങും.

മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. തലയിലേറ്റ മാരകമായ പരിക്കാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു. 24കാരിയായ തന്റെ ഭാര്യ കുഞ്ഞിനെ ടി.വിയുടെ റിമോട്ട് കൊണ്ട് അടിച്ച് കൊന്ന ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് അച്ഛന്‍ പൊലീസിന് മൊഴി നല്‍കി. മൂന്ന് ദിവസത്തിന് ശേഷം അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

അടുക്കളയിലെ ജോലിക്കിടയില്‍ കുഞ്ഞ് തന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണുവെന്നും അതിന് ശേഷം നിര്‍ത്താതെ കരഞ്ഞപ്പോള്‍ ദേഷ്യം സഹിക്കാനാവാതെ റിമോട്ട് കൊണ്ട് അടിക്കുകയായിരുന്നുവെന്നും യുവതി സമ്മതിച്ചു.

 

Top