കൊല്ലത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; കുഞ്ഞ് മരിച്ചു

കൊല്ലം: പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാഴി സാംസി ഭവനില്‍ ഷിബുവിന്റ ഭാര്യ സാംസിയാണ് കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. കുഞ്ഞു മരിച്ചു. സാംസിയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവമുണ്ടായത്. കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സാണ് സാംസി. കുണ്ടറ സ്വദേശിയായ ഭര്‍ത്താവ് വിദേശത്ത് പോയതിന് ശേഷം സ്വന്തം വീട്ടിലായിരുന്നു സാംസി താമസിച്ചിരുന്നത്.

കുഞ്ഞിനെ ഷാളുപയോഗിച്ച് ശരീരത്തോട് ചേര്‍ത്ത് കെട്ടിയാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഈ സമയത്ത് വീട്ടിലുള്ളവര്‍ പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയ സമയത്ത് സാംസിയെയും കുഞ്ഞിനെയും വീട്ടില്‍ കാണാതിരുന്നതോടെ സാംസിയുടെ അമ്മ നാട്ടുകാരെ വിവരമറിയിച്ചു.

തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് യുവതിയെ കിണറ്റില്‍ കണ്ടെത്തിയത്. പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. സാംസിയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല

 

Top