രുചികരമായ ഭക്ഷണം നല്‍കിയില്ല: മഹാരാഷ്ട്രയില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ സ്വാദിഷ്ടമായ ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുര്‍ബാദ് താലൂക്കിലെ വേലു ഗ്രാമത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് കൊലപതാകം നടന്നത്. അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നു. 26 ന് അമ്മയുമായി ഇയാള്‍ വീണ്ടും വഴക്കുണ്ടാക്കി. രുചികരമായ ഭക്ഷണം വിളമ്പാത്തതായിരുന്നു കാരണം.

വഴക്കിനിടയില്‍ ഇയാള്‍ അമ്മയെ അരിവാളുകൊണ്ട് വെട്ടി. വെട്ടേറ്റ് നിലത്തുവീണ 55 കാരി തല്‍ക്ഷണം മരിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് ശേഷം പ്രതി അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Top