ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് അമ്മയേയും മകളേയും മനുഷ്യ വിസര്‍ജ്ജ്യം കഴിപ്പിച്ചു; 11 ബന്ധുക്കള്‍ അറസ്റ്റില്‍

withcraft

റാഞ്ചി: ദുര്‍മന്ത്രവാദികളെന്നാരോപിച്ച് അമ്മയേയും മകളെയും നിര്‍ബന്ധിച്ച് മനുഷ്യ വിസര്‍ജ്ജ്യം തീറ്റിക്കുകയും തലമുണ്ഡനം ചെയ്തതായും പരാതി. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ ദുല്‍മി ഗ്രാമത്തിലാണ് സംഭവം.

കാരോ ദേവി(65), മകള്‍ ബസന്തി(35) എന്നിവരെയാണ് മന്ത്രവാദികളെന്നാരോപിച്ച് 11 പേരടങ്ങുന്ന ബന്ധുക്കള്‍ ഉപദ്രവിച്ചത്. സോനാഹത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമം റാഞ്ചിയില്‍ നിന്ന് 56 കിലോ മീറ്റര്‍ അകലെയാണ്.

സംഭവത്തെ തുടര്‍ന്ന് അമ്മയും മകളും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട പതിനൊന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നതെന്ന് ബസന്തി വിശദീകരിച്ചു. 10,12 പേരടങ്ങുന്ന ബന്ധുക്കള്‍ വീട്ടിലെത്തുകയും തങ്ങളെ നിര്‍ബന്ധിച്ച് വീടിന് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും, തുടര്‍ന്ന് മനുഷ്യ വിസര്‍ജ്യം കഴിപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തുവെന്നാണ് ബസന്തിയുടെ പരാതിയില്‍ പറുന്നത്. കൂടാതെ അടുത്തുള്ള പുഴയായ സുവര്‍ണരേഖയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയും, തുടര്‍ന്ന് തല മുണ്ഡനം ചെയ്ത് വെളുത്ത വസ്ത്രം ധരിപ്പിക്കുകയും ചെയ്‌തെന്നും ബസന്തിയുടെ പരാതിയില്‍ പറയുന്നു.

ഗ്രാമത്തിലെ മൂന്നു പേര്‍ക്ക് അസുഖം ബാധിച്ചതിനാലാണ് ഗ്രാമവാസികള്‍ ഇവരെ ദുര്‍മന്ത്രവാദികളെന്ന് മുദ്ര കുത്തിയത്. ഡോക്ടറെ കാണാന്‍ കൂട്ടാക്കാതെ ഗ്രാമത്തിലെ വൈദ്യരെ കണ്ട് മടങ്ങിയവര്‍ ഇവര്‍ മൂലമാണ് അസുഖം ബാധിച്ചതെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.

ഗ്രാമവാസികള്‍ ഇരുവരേയും നിരന്തരം അപമാനിച്ചിരുന്നതായും പൊലീസ് അറിയിച്ചു. അതേ സമയം ഗ്രാമവാസികളില്‍ നിന്നുള്ള ആക്രമങ്ങളെ കുറിച്ച് തുടക്കത്തില്‍ പൊലീസ് പരാതിപ്പെടാന്‍ ഇവരുടെ ഭയം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ബസന്തിയുടെ അമ്മ വീട്ടുകാരുടെ സഹായത്തോടെയാണ് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ആദിവാസി ആധിപത്യമുള്ള പ്രദേശങ്ങളില്‍ മന്ത്രവാദവും സര്‍വ്വസാധാരണമാണ്. ദുര്‍മന്ത്രവാദികളെന്നാരോപിച്ച് രാജ്യത്ത് 2016-ല്‍ മാത്രം 27 സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.

2013-ല്‍ ഇത്തരം കൊലപാതകങ്ങള്‍ അമ്പത് ശതമാനം കുറഞ്ഞിരുന്നു. 2013-ല്‍ 54, 2014-ല്‍ 47,2015-ല്‍ 32 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2001 മുതല്‍ 2016 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 523 സ്ത്രീകളെയാണ് ദുര്‍മന്ത്രവാദികളെന്നാരോപിച്ച് ഇത്തരത്തില്‍ ആക്രമിച്ചത്. 2013-ലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 54 പേരാണ് കൊല്ലപ്പെട്ടത്.

Top