വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ അമ്മയും മകളും പൊലീസ് പിടിയില്‍

കൊച്ചി: വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ അമ്മയും മകളും പൊലീസ് പിടിയില്‍.പറവൂര്‍ അറയ്ക്കപ്പറമ്പില്‍ വീട്ടില്‍ ജിജി (55), മകള്‍ വിസ്മയ (22) എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15-ാം തീയതി താന്നിക്കലാണ് കേസിനാസ്പദനമായ സംഭവം നടന്നത്. വയോധികയുടെ വീട്ടില്‍ ഭിക്ഷ ചോദിച്ച് വന്നതായിരുന്നു ജിജിയും വിസ്മയയും. ഈ സമയം വീട്ടില്‍ വയോധിക മാത്രമേ ഉണ്ടായിരുന്നുളളു. ജനാലയിലൂടെ വീട്ടില്‍ ആരുമില്ലെന്നും തന്റെ കയ്യില്‍ പണം ഇല്ലെന്നും പറഞ്ഞ വയോധികയോട് ഒരു മുണ്ടെങ്കിലും തരാന്‍ അമ്മയും മകളും ആവശ്യപ്പെട്ടു. ജനാലയിലൂടെ മുണ്ട് കൊടുക്കുന്നതിനിടെയാണ് ഇവര്‍ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.ഒന്നര പവനോളം വരുന്ന മാലയാണ് മോഷ്ടാള്‍ അപഹരിച്ചത്.

സമീപത്തുണ്ടായിരുന്ന സി സി ടി വികളില്‍ നിന്നും ഇവരുടെ ചിത്രം ലഭിച്ചിരുന്നു.ഇത് പൊലീസ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചിരുന്നു.തുടര്‍ന്ന് പ്രതികളുടെ വിവരം ലഭിച്ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.എസ്.ഐ. പി.ടി. ബിജോയ്, എ.എസ്.ഐ. രഘുനന്ദനന്‍, സി.പി.ഒ.മാരായ വര്‍ഗീസ്, രാജേഷ്, സുധീര്‍ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.ഇവരുടെ പക്കല്‍ നിന്നും മാലയും കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു.പണിയെടുക്കാതെ ആര്‍ഭാട ജീവിതം നയിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

Top