മാല പൊട്ടിക്കാനെത്തിയ മോഷ്ടാക്കളെ കൈകാര്യം ചെയ്ത് വീട്ടമ്മയും മകളും; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: വീട്ടമ്മയും മകളും ചേര്‍ന്ന് അതി സാഹസികമായി മോഷ്ടക്കളെ കീഴടക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലെ നാംഗലോയില്‍ ഓഗസ്റ്റ് 30 നാണ് സംഭവം നടന്നത്. സംഭവസ്ഥലത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു.

നാംഗലോയിലെ വീട്ടിലേക്ക് സൈക്കിള്‍ റിക്ഷയിലെത്തിയതായിരുന്നു അമ്മയും മകളും. റിക്ഷക്കാരന് പണം നല്‍കി റോഡ് മുറിച്ച് കടക്കാന്‍ നില്‍ക്കുമ്പോഴാണ് ബൈക്ക് അടുത്തെത്തുന്നത്. പിന്നിലിരുന്നയാള്‍ വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കുകയും ബൈക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ ഇരുവരും പുറകെയെത്തി മാല പൊട്ടിച്ചയാളെ പിടിച്ചു വലിച്ച് താഴെയിട്ടു. വഴിയാത്രക്കാരും നാട്ടുകാരും ഓടിയെത്തി ഇയാളെ പിടികൂടുകയും ചെയ്തു.

ബൈക്ക് ഓടിച്ചിരുന്നയാള്‍ ഇതിനിടെ ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോകുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ഇയാളെ നാട്ടുകാര്‍ പിന്നാലെയോടി പിടികൂടി. സംഭവം അറിഞ്ഞയുടനെ തന്നെ പോലീസ് പിന്നാലെയെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. അബ്ദുള്‍ ഷംഷദ്, വികാസ് ജെയിന്‍ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ പക്കല്‍ നിന്ന് മൂന്ന് ബൈക്കുകള്‍, രണ്ട് സ്വര്‍ണമാല, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തി.

Top