കണ്ണൂര്‍: പയ്യാവൂരില്‍ മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ രണ്ടര വയസ്സുകാരി മരിച്ചു. അമ്മയും മൂത്ത സഹോദരിയും ഗുരുതരാവസ്ഥയിലാണ്. കടബാധ്യതയെ തുടര്‍ന്ന് കുടുംബം കൂട്ടആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ചതാണെന്നാണ് പൊലീസിന് അമ്മ നല്‍കിയ മൊഴി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം.
രണ്ടര വയസ്സുകാരി അന്‍സിലയാണ് മരിച്ചത്. ഈ മാസം 27 നാണ് രണ്ടര വയസ്സും 13 വയസ്സുമുള്ള രണ്ട് മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 28 ന് രാവിലെ സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാതാവ് സ്വപ്നയുടെയും മൂത്ത മകള്‍ അന്‍സീനയുടെയും നില ഗുരുതരമായി തുടരുകയാണ്. സ്വപ്നയുടെ ഭര്‍ത്താവ് അനീഷ് ഇസ്രായേലില്‍ നഴ്‌സാണ്. കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് അറിയുന്നത്. ഇതിനെ തുടര്‍ന്നാണ് കുടുംബം കൂട്ടആത്മഹത്യക്ക് ശ്രമിച്ചത്.