മക്കളെ കൊന്നത് അമ്മയല്ലെന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

ത്തു വര്‍ഷത്തിനിടെ നാല് മക്കളെ ഒന്നിനുപുറകേ ആസൂത്രിതമായി വധിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഓസ്ട്രേലിയന്‍ കോടതി കത്തെലീന്‍ ഫോള്‍ബിഗിനെ ശിക്ഷിച്ചത്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന കാത്തെലീന്‍ നിരപരാധിയാണെന്നാണ് ഇപ്പോള്‍ ശാസ്ത്രം വിധിച്ചിരിക്കുന്നത്. കോടതികളുടേയും നിയമസംവിധാനങ്ങളുടേയും ചരിത്രത്തില്‍ തന്നെ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ പിഴവുകളിലൊന്നാണ് ഇതുവഴി പുറത്തുവന്നിരിക്കുന്നത്.ഓസ്ട്രേലിയയിലെ ഏറ്റവും ക്രൂരയായ സീരിയല്‍കില്ലര്‍ എന്ന വിശേഷണമാണ് 2003ല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കാത്തെലീന് മാധ്യമങ്ങളും സമൂഹവും ചാര്‍ത്തിക്കൊടുത്തിരുന്നത്. ഇപ്പോഴിതാ 18 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം മക്കളുടെ മരണത്തില്‍ ആ മാതാവ് നിരപരാധിയാണെന്നതിന് ശാസ്ത്രം തെളിവുകള്‍ നിരത്തുന്നു.

രണ്ട് നോബല്‍ സമ്മാന ജേതാക്കളും രണ്ട് ഓസ്ട്രേലിയന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര ജേതാക്കളും മുന്‍ ചീഫ് സയന്റിസ്റ്റും ഓസ്ട്രേലിയന്‍ അഖ്കാദമി ഓഫ് സയന്‍സിന്റെ പ്രസിഡന്റും അടങ്ങുന്ന 90 അംഗ സംഘമാണ് ന്യൂസൗത്ത് വെയില്‍സ് ഗവര്‍ണര്‍ മുന്‍പാകെ കാത്തെലീന്‍ ഫോള്‍ബിഗ് നിരപരാധിയാണെന്ന് കാണിച്ച് അപേക്ഷ നല്‍കിയിരിക്കുന്നത്. തെറ്റു തിരുത്താന്‍ നിയമസംവിധാനം തയാറായാല്‍ ഓസ്ട്രേലിയന്‍ കോടതികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പിഴവിനെയാകും അത് ചെറിയ തോതിലെങ്കിലും പരിഹരിക്കുക.

നിരവധി അപ്പീലുകള്‍ക്കൊടുവില്‍ 2019ലാണ് അന്തിമമായി ഓസ്ട്രേലിയന്‍ കോടതി കാത്തെലീന്‍ ഫോള്‍ബിഗിനെ കുറ്റക്കാരിയെന്ന് വിധിച്ചത്. സംശയത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കാവുന്ന പഴുതുകള്‍ ഉണ്ടായിട്ടും സാഹചര്യ തെളിവുകള്‍ കണക്കിലെടുത്തായിരുന്നു കോടതിയുടെ നടപടി. ഈ തീരുമാനമാണ് തെറ്റിപ്പോയെന്ന മുറവിളികള്‍ ഇപ്പോള്‍ ഉയരുന്നത്. കാത്തെലീന്റെ പെണ്‍മക്കളായിരുന്ന സാറയുടേയും ലോറയുടേയും ആണ്‍ മക്കളായിരുന്ന കാലെബിന്റേയും പാട്രികിന്റേയും മരണത്തില്‍ വില്ലനായത് അപൂര്‍വ്വ ജനിതക വ്യതിയാനമാണെന്നാണ് കണ്ടെത്തല്‍.

ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. കരോള വിനേസയുടെ നേതൃത്വത്തിലുള്ള സംഘമാണ് 2019ല്‍ ആ നിര്‍ണായക കണ്ടെത്തല്‍ നടത്തുന്നത്. കാത്തെലീന്റെ പെണ്‍മക്കളിലാണ്  ജനിതക വ്യതിയാനം വന്ന ജീന്‍ കണ്ടെത്തിയത്. ഇതായിരുന്നു കാത്തെലീന്‍ നിരപരാധിയാണെന്നതിലേക്കുള്ള വഴി തുറന്നിട്ടത്. ഉറക്കത്തില്‍ ഹൃദയാഘാതത്തിനു കാരണമാക്കുന്ന കാല്‍മോഡുലിന്റെ സൂചന നല്‍കുന്നതായിരുന്നു. കുട്ടികള്‍ അടക്കമുള്ളവരില്‍ ഉറക്കത്തില്‍ അപ്രതീക്ഷിത മരണത്തിന് ഇത്തരം ജനിതക മാറ്റങ്ങള്‍ കാരണമാകാറുണ്ട്.

ആണ്‍മക്കളായ കാലെബും പാട്രിക്കും ബിഎസ്ന്‍ എന്ന അപൂര്‍വ ജനിതക വ്യതിയാന രോഗത്തിനിരയായിരുന്നുവെന്നും ഗവേഷകര്‍ തുടര്‍ന്നു നടത്തിയ പഠനങ്ങള്‍ കണ്ടെത്തി. ഈ രോഗം വന്നവര്‍ക്ക് അപകടകരമായ രീതിയില്‍ അപസ്മാരം സംഭവിക്കാറുണ്ട്. ഇതോടെ കാത്തെലീന്‍ ഫോള്‍ബിഗിന്റെ നാല് മക്കളും സ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെടുകയായിരുന്നുവെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. സ്വന്തം മക്കളെ നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ വേദനയില്‍ മക്കളുടെ കൊലക്കുറ്റം ചുമത്തപ്പെട്ട് നീണ്ട 18 വര്‍ഷക്കാലമാണ് കാത്തെലീന്‍ ജയിലില്‍ കിടന്നത്.

Top