മക്കളെ ശിശുക്ഷേമസമിതിക്ക് നല്‍കിയ സംഭവം താമസവും, കുട്ടികളുടെ പഠനവും ഏറ്റെടുത്ത് നഗരസഭ

തിരുവനന്തപുരം : തിരുവനന്തപുരത്ത് കൈതമുക്കിൽ പട്ടിണി സഹിക്കവയ്യാതെ അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൈക്കൊണ്ട് തിരുവനന്തപുരം നഗരസഭ. കുടുംബത്തിന് താമസ സൗകര്യവും അമ്മയ്ക്ക് താത്കാലിക ജോലിയും നഗരസഭ വാഗ്ദാനം ചെയ്തു.

കുടുംബത്തെ മാറ്റി പാർപ്പിക്കാനായി പണി പൂർത്തിയായി കിടക്കുന്ന ഫ്‌ളാറ്റ് കൈമാറാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ പറഞ്ഞു.

ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടു നല്‍കിയ കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കേരളത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായത് നാണക്കേടാണെന്നും വിഷയം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Top