കണ്ണൂരിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; മകൻ അറസ്റ്റിൽ

കണ്ണൂർ: വടക്കെപൊയിലൂരിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. ലഹരിക്ക് അടിമയായ നിഖിൽരാജിനെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്.

ഇന്നലെ രാത്രിയാണ് സംഭവം. പട്ടിയുമായി വീട്ടിൽ വന്ന നിഖിൽരാജ്, ഇതിനെ ഇവിടെ വളർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അമ്മ ജാനു ഇതിന് സമ്മതിച്ചില്ല. ഇതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ, പ്രകോപിതനായ നിഖിൽരാജു അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കത്തിയെടുത്ത് അമ്മയുടെ രണ്ട് കൈകളിലും വെട്ടിപ്പരിക്കേൽപ്പിച്ചു. ഉടൻ തന്നെ ജാനുവിനെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. ജാനുവിന്റെ പരിക്ക് ഗുരുതരമല്ല. മദ്യപിച്ച് വീട്ടിലെത്തി സാധനസാമഗ്രികൾ നിഖിൽരാജ് നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

നിഖിൽരാജ് മുൻപും പലതവണ അക്രമാസക്തനായ നിലയിൽ പെരുമാറിയിട്ടുണ്ടെന്നും അമ്മയെ മർദ്ദിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. രാവിലെ മകനെതിരെ പരാതി നൽകാൻ അമ്മ തയ്യാറായിരുന്നില്ല. നാട്ടുകാർ അടക്കം ഇടപെട്ടതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

Top