നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍

റാന്നി: പത്തനംതിട്ടയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. റാന്നിയില്‍ താമസിക്കുന്ന കോട്ടയം നീണ്ടൂര്‍ സ്വദേശി ബ്ലെസി(21) ആണ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയേഴ് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ എട്ടിനാണ് മാസം തികയാതെ ജനിച്ച കുഞ്ഞിന്റ തല ഭിത്തിയിലിടിപ്പിച്ചു കൊലപ്പെടുത്തിയത്.

ബ്ലെസി കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. മാസം തികയാതെ ജനിച്ചതിനാല്‍ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അസുഖത്തെ തുടര്‍ന്ന് കുഞ്ഞ് സ്ഥിരമായി കരയുമായിരുന്നു. കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ദേഷ്യം പിടിച്ച് തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊന്നു എന്നാണ് പ്രതി നല്‍കിയ മൊഴി.

കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികത പ്രകടിപ്പിച്ച ആശുപത്രി അധികൃതര്‍ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തലയ്ക്ക് മാരകമായ പരുക്കേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

Top