പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അമ്മയും മകനും ഒരുമിച്ച്

rajani-bala

ലുധിയാന: ഉദാഹരണം സുജാത എന്ന ചിത്രം ഓര്‍ക്കുന്നുണ്ടോ, അമ്മയും മകളും ഒരുമിച്ച് പത്താം ക്ലാസില്‍ പഠിക്കാന്‍ പോകുന്നത്. അതു പോലൊരു സുജാതയെ കാണാം. രജ്‌നി ബാല എന്ന സ്ത്രീയാണ് തന്റെ മകനൊപ്പം സ്‌കൂളില്‍ ചേരുന്നത്. ജീവിതസാഹചര്യങ്ങള്‍മൂലം 29 വര്‍ഷം മുന്‍പ് ഉപേക്ഷിച്ച പത്താം ക്ലാസ് പഠനത്തിനായി തന്റെ മകനൊപ്പമാണ് രജനി വീണ്ടും പുസ്തകങ്ങള്‍ കൈയിലേന്തിയത്. മകനോടൊപ്പം ലുധിയാനയിലെ സ്‌കൂളിലെത്തി രജനി പത്താം ക്ലാസ് പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ്.

44 വയസുള്ള രജനി 1989ലാണ് ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നിട് വിവാഹിതയായ രജനിക്കു തുടര്‍ന്നു പഠിക്കാന്‍ സാധിച്ചിരുന്നില്ല. താന്‍ ഇപ്പോള്‍ സിവില്‍ ആശുപത്രിയിലെ ജീവനക്കാരിയാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയതോടെയാണ് വീണ്ടും പഠിക്കാന്‍ തീരുമാനിച്ചതെന്നും രജനി പറഞ്ഞു.

‘എന്റെ ഭര്‍ത്താവ് ഒരുപാട് കാലമായി പറയുന്നുണ്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍. എനിക്ക് മൂന്ന് മക്കളാണ് ഉള്ളത്. അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയായിരുന്നു എന്റെ ലക്ഷ്യം. അതുമാത്രമല്ല, ഞാന്‍ ഒരു ആശുപത്രിയില്‍ വാര്‍ഡ് അറ്റന്‍ഡന്റ് ആയി ജോലി നോക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു 10ാം ക്ലാസ് പൂര്‍ത്തിയാക്കണമെന്ന്. അങ്ങനെയാണ് പത്താം ക്ലാസ് പഠിക്കുന്ന എന്റെ മകനൊപ്പം ഇത്തവണ പരീക്ഷ എഴുതാന്‍ ഞാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ഒരുമിച്ചാണ് സ്‌കൂളില്‍ പോകുന്നതും പഠിക്കുന്നതും’, രജനി പറയുന്നു.

തുടക്കത്തില്‍ ശരിക്കും ബുദ്ധിമുട്ടായിരുന്നു എല്ലാവരെയും അഭിമുഖീകരിക്കാന്‍. എന്നാല്‍ ഭര്‍ത്താവും മക്കളും ഭര്‍ത്താവിന്റെ അമ്മയും നല്ല പിന്തുണ തന്നുവെന്നും രജനി പറഞ്ഞു.

‘അമ്മായിയമ്മക്ക് വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിട്ടില്ല. എന്നാലും അവര്‍ എന്നെ ഒരുപാട് പിന്തുണച്ചു. എന്നെയും മകനെയും പഠിപ്പിക്കുന്നതിനായി ഭര്‍ത്താവ് പുലര്‍ച്ചെ എഴുന്നേല്‍ക്കും. എന്റെ മകളും എന്നെ പഠിക്കാന്‍ സഹായിക്കാറുണ്ട്’, രജനി പറഞ്ഞു.

വിദ്യാഭ്യാസം ഓരോ വ്യക്തിയെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യമാണെന്ന് രജനിയുടെ ഭര്‍ത്താവ് രാജ് കുമാര്‍ സാത്തി പറഞ്ഞു. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ ബിരുദം നേടിയത്. എനിക്ക് അത് നേടാന്‍ കഴിയുമെങ്കില്‍ എന്റെ ഭാര്യക്കും അത് സാധിക്കും രാജ്കുമാര്‍ സാത്തി പറഞ്ഞു.

വളരെ നല്ല സന്ദേശമാണ് രജനിയെ പോലുള്ളവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പഠിക്കാന്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തുന്നതിലൂടെ ലോകത്തിന് നല്‍കുന്നതെന്ന് ലാജ്വാന്തി സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പവന്‍ ഗോര്‍ പറഞ്ഞു.

Top