200 മെഗാ പിക്സൽ ക്യാമറ ഫോണുമായി മോട്ടറോളയും ഷവോമിയും

സാംസങ്ങിന്റെ 200 മെഗാപിക്‌സൽ ക്യാമറ സെൻസർ ഉൾപ്പെടുത്തിയുള്ള സ്‌മാർട് ഫോൺ അവതരിപ്പിക്കുമെന്ന് മോട്ടറോള. വ്യത്യസ്‌ത ക്യാമറ സെൻസറുള്ള ഹാൻഡ്സെറ്റ് 2022-ന്റെ ആദ്യ പകുതിയിൽ തന്നെ അവതരിപ്പിച്ചേക്കും. സാംസങ്ങിന്റെ 200 മെഗാപിക്‌സൽ ISOCELL HP1 സെൻസർ കഴിഞ്ഞ സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. പരമാവധി 200 മെഗാപിക്സൽ ഇമേജ് റെസലൂഷൻ നൽകാൻ സഹായിക്കുന്ന ഒരു പുതിയ പിക്സൽ-ബിന്നിങ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

മോട്ടറോളയ്‌ക്കൊപ്പം തന്നെ അടുത്ത വർഷം 200 മെഗാപിക്‌സൽ സ്മാർട് ഫോൺ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഷഓമിയും. അതേസമയം, സാംസങ് തന്നെ 2023ൽ 200 മെഗാപിക്സൽ ക്യാമറയുള്ള ഹാൻഡ്സെറ്റുമായി വന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

മോട്ടറോളയുടെ 200 മെഗാപിക്സൽ ക്യാമറ ഫോൺ ആദ്യം പുറത്തിറങ്ങുമെന്നാണ് ട്വിറ്ററിലെ ഐസ് യൂണിവേഴ്സ് എന്ന ടിപ്പ്സ്റ്റർ അവകാശപ്പെടുന്നത്. അടുത്ത വർഷം രണ്ടാം പകുതിയിൽ 200 മെഗാപിക്സൽ ക്യാമറയുള്ള പുതിയ സ്മാർട് ഫോൺ അവതരിപ്പിക്കുമെന്ന് ഷഓമിയും സൂചന നൽകിയിരുന്നു. കൂടാതെ, മോട്ടറോളയ്ക്കും ഷഓമിക്കും ശേഷം 2023-ൽ 200 മെഗാപിക്സൽ ക്യാമറ ഫോൺ അവതരിപ്പിക്കാൻ സാംസങ്ങിനും പദ്ധതിയുണ്ടെന്ന് ടിപ്സ്റ്റർ അവകാശപ്പെട്ടു. എന്നാൽ, മോട്ടറോളയും മറ്റ് നിർമാതാക്കളും അവരുടെ പദ്ധതികൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

200-മെഗാപിക്സൽ സാംസങ് ISOCELL HP1 സെൻസറിന് 0.64-മൈക്രോൺ പിക്സൽ വലുപ്പമുണ്ട്. 12.5-നും 200 മെഗാപിക്സലിനും ഇടയിലുള്ള ചിത്രങ്ങൾ പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന് – പരിസ്ഥിതിയെ ആശ്രയിച്ച് – ടു-ബൈ-ടു, ഫോർ-ബൈ-ഫോർ, അല്ലെങ്കിൽ പൂർണ്ണ പിക്സൽ ലേഔട്ട് ഉപയോഗിക്കുന്ന ചാമിലിയൻ സെൽ സാങ്കേതികവിദ്യയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

200-മെഗാപിക്സൽ ക്യാമറ ഫോണിന് പുറമേ, 60-മെഗാപിക്സൽ ഒമ്‌നിവിഷൻ ഒവി60എ 0.61μm സെൽഫി ക്യാമറ സെൻസറുള്ള മോട്ടോ എഡ്ജ് എക്സ് എന്ന പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കാനും മോട്ടറോളയ്ക്ക് പദ്ധതിയുണ്ട്. മോട്ടോ എഡ്ജ് എക്‌സിന് പിന്നിൽ 50-മെഗാപിക്‌സൽ ഓമ്‌നിവിഷൻ OV50A 1/1.55-ഇഞ്ച് പ്രൈമറി ക്യാമറ ഉണ്ടാകുമെന്നും അവകാശപ്പെടുന്നു. മോട്ടോ എഡ്ജ് എക്‌സിന്റെ ലോഞ്ച് അടുത്തിടെ ലെനോവോ മൊബൈൽ ബിസിനസ് ഗ്രൂപ്പ് ജനറൽ മാനേജർ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ചില TENAA ലിസ്റ്റിങ്ങുകളിലും ഫോൺ പ്രത്യക്ഷപ്പെട്ടിരുന്നു.

Top