കൃഷി ചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ത്രീകൾ, അവരെ കർഷകരായി അംഗീകരിക്കണം: മന്ത്രി

sunil kumar

തിരുവനന്തപുരം: സ്ത്രീ കര്‍ഷകരെ അവഗണിക്കുന്ന സമൂഹത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ രംഗത്ത്.

കേരളത്തില്‍ കൃഷി ചെയുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും എന്നാല്‍ മണ്ണില്‍ പൊന്നുവിളയിക്കുന്ന ഇവരെ അംഗീകരിക്കാന്‍ ഇപ്പോഴും സമൂഹത്തിന് മടിയാണെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ ‘ നീതം’ സംസ്ഥാനതല ക്യാംപെയിനിലെ ലിംഗസമത്വത്തെ കുറിച്ചുള്ള സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ സമൂഹത്തിന് വളരാനാവില്ല. കേരളത്തിലെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് കുടുംബശ്രീ അനിവാര്യമായതിനാലാണ് കൃഷിവകുപ്പിന്റെ നാട്ടുചന്ത കുടുംബശ്രീയെ ഏല്‍പ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.

സാധാരണക്കാരായ വീട്ടമ്മമാര്‍ ലിംഗസമത്വത്തെ കുറിച്ച് ആധികാരികമായി ചര്‍ച്ച ചെയ്യുന്നുവെന്നത് കുടുംബശ്രീ സമൂഹത്തിലുണ്ടാക്കിയ മാറ്റത്തിന് മകുടോദാഹരണമാണ്. ‘ഞാനും എന്റെ കുടുംബവും’ എന്ന് ചിന്തിച്ച്, വീട്ടുകാര്യം മാത്രം നോക്കിയിരുന്ന സ്ത്രീകളെ സാമൂഹ്യവിഷയങ്ങളില്‍ ഇടപെടാനുള്ള ആത്മവിശ്വാസമുണ്ടാക്കി. ഇന്ദിരാഗാന്ധിയെപ്പോലെ കരുത്തുള്ള ഒറ്റ സ്ത്രീ പോരാ, ഒരു സമൂഹമാകെ അങ്ങനെയുള്ള സ്ത്രീകളുണ്ടാവുന്നതാണ് ശരിയായ മാറ്റമെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ നീതം സംസ്ഥാന തല ക്യാമ്പെയിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍ റംലത്ത് പി., പ്രോഗ്രാം മാനേജര്‍ സോയ തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ കെ.വി. പ്രമോദ്, ബിനു ഫ്രാന്‍സിസ്, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.ആര്‍. ഷൈജു എന്നിവരും ക്യാംപെയിനില്‍ പങ്കെടുത്തു.

Top