ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ്; ലോക റെക്കോർഡിട്ട് രോഹിത്; ഇന്ത്യക്ക് ഗംഭീര തുടക്കം

മുംബൈ: ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഗംഭീര തുടക്കം. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് രോഹിത്തും, ഗില്ലും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. ആദ്യ പത്തോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്ത ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്. 29 പന്തിൽ 47 റൺസെടുത്ത രോഹിത് ആണ് പുറത്തായത്. 41 പന്തിൽ 50 റൺസോടെ ശുഭ്മാൻ ഗില്ലും 14 പന്തിൽ 14 റൺസുമായി വിരാട് കോലിയുമാണ് ക്രീസിൽ.

ട്രെൻറ് ബോൾട്ടെറിഞ്ഞ ആദ്യ ഓവറിൽ തന്നെ രോഹിത് രണ്ട് ബൗണ്ടറിയടിച്ച് 10 റൺസ് നേടി. ടിം സൗത്തിയുടെ തൊട്ടടുത്ത ഓവറിൽ ഗില്ലും ഇരട്ട ബൗണ്ടറി നേടി. ബോൾട്ടിൻറെ മൂന്നാം ഓവറിലായിരുന്നു മത്സരത്തിൽ രോഹിത്തിൻറെ ആദ്യ സിക്സ്. സൗത്തിയെറിഞ്ഞ നാലാം ഓവറിലും സിക്സും, ഫോറും നേടിയ രോഹിത് ബോൾട്ടിൻറെ അടുത്ത ഓവറിലും സിക്സടിച്ച് ലോകകപ്പിലെ സിക്സർ നേട്ടത്തിൽ ലോക റെക്കോർഡിട്ടു. ലോകകപ്പിൽ 27 മത്സരങ്ങളിൽ 50 സിക്സുകൾ തികച്ച രോഹിത് 49 സിക്സുകൾ നേടിയിരുന്ന ക്രിസ് ഗെയ്‌ലിനെയാണ് മറികടന്നത്. 43 സിക്സുകളുമായി ഗ്ലെൻ മാക്സ്‌വെൽ രോഹിത്തിന് പിന്നിലുണ്ട്.

എ ബി ഡിവില്ലിയേഴ്സ്(37), ഡേവിഡ് വാർണർ(37) എന്നിവരാണ് ലോകകപ്പിലെ സിക്സർ നേട്ടത്തിൽ രോഹിത്തിന് പിന്നിലുള്ളവർ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോർഡും രോഹിത് ഇന്ന് സ്വന്തമാക്കി. 2015 ലോകകപ്പിൽ 26 സിക്സ് അടിച്ച ഗെയ്‌ലിനെ തന്നെയാണ് ഈ ലോ കകപ്പിൽ 28 സിക്സുമായി രോഹിത് മറികടന്നത്. ഓയിൻ മോർഗൻ(22) ഈ ലോകകപ്പിൽ ഗ്ലെൻ മാക്സ്‌വെൽ(22), എ ബി ഡിവില്ലിയേഴ്സ്(21), ഈ ലോകകപ്പിൽ ക്വിൻറൺ ഡീ കോക്ക്(21) എന്നിവരാണ് രോഹിത്തിന് പിന്നിലുള്ളത്.

ആദ്യ അഞ്ചോവറിൽ 47 റൺസടിച്ച ഇന്ത്യ ബൗളിംഗ് മാറ്റമായി മിച്ചൽ സാൻറ്നർ എത്തിയപ്പോഴും വെറുതെ വിട്ടില്ല. സാൻറ്നറെ സിക്സ് അടിച്ച് വരവേറ്റ രോഹിത്തിന് പക്ഷെ ഒമ്പതാം ഓവറിൽ സൗത്തിയുടെ സ്ലോ ബോളിൽ പിഴച്ചു. സിക്സ് അടിക്കാനായി ഫ്രണ്ട് ഫൂട്ടിൽ ഇറങ്ങി ഷോട്ട് കളിച്ച രോഹിത് മിഡോഫിൽ കിവീസ് നായകൻ കെയ്ൻ വില്യംസണിൻറെ മനോഹര ക്യാച്ചിൽ പുറത്തായി. നാലു ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിൻറെ ഇന്നിംഗ്സ്. രോഹിത് പുറത്തായശേഷമെത്തിയ കോലി തുടക്കത്തിൽ തന്നെ ടിം സൗത്തിയുടെ ശക്തമായ എൽബിഡബ്ല്യു അപ്പീൽ അതിജീവിച്ചു. റിവ്യു എടുത്തെങ്കിലും പന്ത് കോലിയുടെ ബാറ്റിലുരസിയതിനാൽ ഔട്ടാകാതെ രക്ഷപ്പെട്ടു.

Top