പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ അഞ്ച് സെക്കൻഡ്; ജിആർ കൊറോള വിപണിയില്‍

ലോകമെമ്പാടും ആരാധകരുള്ള ടൊയോട്ടയുടെ മോഡലാണ് കൊറോള. 1966 ൽ ആദ്യമായി പുറത്ത് വന്നത് മുതൽ ചില മോഡലുകൾ ഒഴിച്ചുനിർത്തിയാൽ കൊറോളയുടെ എല്ലാ മോഡലുകളും സൂപ്പർ ഹിറ്റാണ്.

ഇപ്പോഴിതാ കൊറോളയുടെ പുതിയ പവർ ഹൗസായ ഹാച്ച്ബാക്ക് മോഡലായ ജിആർ കൊറോള ആഗോളവിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും പവർ കൂടിയ കൊറോള മോഡലാണ് ജി ആർ കൊറോള.

304 എച്ച്പി പവറും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കെൽപ്പുള്ള 1.6 ലിറ്റർ സിംഗിൾ സ്‌ക്രോൾ ടർബോചാർജഡ് 1.6 ലിറ്റർ ത്രീ പോട്ട് എഞ്ചിനാണ്. ഇത്രയും കരുത്തുള്ള എഞ്ചിന് പ്രഷർ കുറക്കാൻ മൂന്ന് എക്‌സ്‌ഹോസ്റ്റുകളാണ് ടൊയോട്ട നൽകിയിരിക്കുന്നത്. പുതിയ മൾട്ടി ഓയിൽ ജെറ്റ് പിസ്റ്റണിൽ പ്രവർത്തിക്കുന്ന എഞ്ചിന് വലിയ എയർ ഇൻടേക്ക് പോർട്ടും നൽകിയിട്ടുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ അഞ്ച് സെക്കൻഡ് മാത്രം മതി ഈ എഞ്ചിന്. 1,479 കിലോ എന്ന താരതമ്യേന കുറഞ്ഞ ഭാരവും വാഹനത്തെ പെട്ടെന്ന വേഗം കൈവരിക്കാൻ സഹായിക്കുന്നുണ്ട്.

ആറ് സ്പീഡ് ഐഎംടി ട്രാൻസ്മിഷനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വലിയ 18 ഇഞ്ച് ടയറുകളും നൽകിയിട്ടുണ്ട്.

അതേസമയം ഇന്ത്യയിൽ ഈ മോഡൽ ഉടൻ അവതരിപ്പിക്കാൻ സാധ്യതയില്ല.

Top