കുവൈറ്റില്‍ വിദേശതൊഴിലാളികളില്‍ ഭൂരിഭാഗവും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍

kuwait

കുവൈറ്റ്: കുവൈറ്റിലെ സ്വകാര്യ മേഖലയില്‍ ജോലി നോക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ്. 70 ശതമാനം വിദേശികളും ഇന്റര്‍മീഡിയറ്റ്, ബിരുദ യോഗ്യതകള്‍ ഇല്ലാത്തവരാണെന്നും മന്ത്രി പറഞ്ഞു.

പ്രത്യേക മെക്കാനിസം നടപ്പിലാക്കി തൊഴില്‍ വിപണിയുടെ ആവശ്യം കൃത്യമായി വിലയിരുത്തണമെന്നും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കണമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ സ്വദേശി വിദേശി അനുപാതത്തിലുള്ള അന്തരം ഇല്ലാതാക്കുന്നതിനായി ജനസംഖ്യാ സന്തുലനത്തിനായുള്ള ഉന്നതാധികാര സമിതി യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ഹിന്ദ് അല്‍ സബീഹ പറഞ്ഞു.

എന്നാല്‍ വിവിധ സ്വാകാര്യ കമ്പനികളില്‍ പെരുന്നാള്‍ അവധിക്കാലത്ത് നടത്തിയ പരിശോധനകളില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ‘മാന്‍പവര്‍ അതോറിറ്റി’ ആക്ടിങ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മുത്തോതിഹ് അറിയിച്ചിരുന്നു. 112 തൊഴിലാളികളെയാണ് സ്‌പോണ്‍സറിങ് കമ്പനിക്ക് കീഴിലല്ലാതെ വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. തൊഴില്‍ ഇല്ലാതെ അലഞ്ഞ് തിരിയുന്ന തൊഴിലാളികളെ കണ്ടെത്തിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ഇവരെക്കുറിച്ച് പരാതികള്‍ അറിയിക്കാന്‍ അതോറിറ്റി പ്രത്യേക ടെലിഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തിയതായും മാന്‍പവര്‍ അതോറിറ്റി മേധാവി അറിയിച്ചു.

Top