ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍: റെക്കോര്‍ഡുമായി ഡേവിഡ് മില്ലര്‍

ബെംഗളൂരു: ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി-20യില്‍ റെക്കോര്‍ഡുമായി ഡേവിഡ് മില്ലര്‍. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ മില്ലര്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. മത്സരത്തിന്റെ അവസാന ഓവറില്‍ കാഗിസൊ റബാദയുടെ സിക്സ് പറത്താന്‍ ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയാണ് മില്ലര്‍ റെക്കോര്‍ഡിട്ടത്.

ലോങ് ഓണില്‍ നിന്നായിരുന്നു മില്ലറുടെ ഈ തകര്‍പ്പന്‍ ക്യാച്ച്. ഇതോടെ 72 മത്സരങ്ങളില്‍ നിന്നായി മില്ലറുടെ അക്കൗണ്ടിലുള്ളത് അമ്പത് ക്യാച്ചുകളാണ്. പാക്കിസ്ഥാന്റെ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്കിന്റെ പേരിലും അമ്പത് ക്യാച്ചുകളുണ്ട്. എന്നാല്‍ ഇതിനായി മാലികിനു വേണ്ടി വന്നത് 111 മത്സരങ്ങളാണ്.

78 മത്സരങ്ങളില്‍ നിന്ന് 44 ക്യാച്ചെടുത്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ് ആണ് മൂന്നാമത്. റോസ് ടെയ്ലര്‍ (44), സുരേഷ് റെയ്ന (42) എന്നിവരും ഇവര്‍ക്കു തൊട്ടുപിന്നിലുണ്ട്.

Top