‘ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷം’: പ്രിയദര്‍ശന്‍

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം. മോഹന്‍ലാല്‍ നായകനാകുന്ന ‘ബ്രോ ഡാഡി’യിലെ പുതുപുത്തന്‍ വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും ആവേശത്തിലാണ്. ബ്രോ ഡാഡി ഒരു ഫാമിലി എന്റര്‍ടെയ്നറാണെന്നും പൃഥ്വിയും കല്യാണി പ്രിയദര്‍ശനും മീനയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുമെന്നും നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലാണോ കല്യാണി പ്രിയദര്‍ശന്‍ വേഷമിടുന്നതെന്നാണ് ആരാധകരുടെ ആകാംക്ഷ. ആരാധകരെ പോലെ സംവിധായകന്‍ പ്രിയദര്‍ശനും ബ്രോ ഡാഡിക്കായി ആവേശത്തിലാണ്.

ഒപ്പം, തന്റെ മകള്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും പ്രിയദര്‍ശന്‍ പങ്കുവയ്ക്കുന്നു. കല്യാണിയും മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ആ അവിസ്മരണീയ നിമിഷത്തെ കുറിച്ച് സംവിധായകന്‍ പറയുന്നത്.

‘എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളിലൊന്നാണിത്, എന്റെ മകള്‍ കല്യാണി എനിക്ക് കിട്ടിയ വരദാനമായ സുഹൃത്ത് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു. പൃഥ്വിരാജിനും ആന്റണിക്കും നന്ദി അറിയിക്കുന്നു,’ എന്ന് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. കൂടാതെ, മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഫാസില്‍ തുടങ്ങിയ പ്രതിഭകള്‍ ഒരുമിച്ച് അഭിനയിക്കുന്ന, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കല്യാണി പ്രിയദര്‍ശന്‍ ഭാഗമാകുന്നുണ്ട്.

 

Top